Kollam Local

വോട്ടര്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ വിവിധ പരിപാടികള്‍; ഇന്ന് വോട്ടത്തോണ്‍

കൊല്ലം:വോട്ടര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണത്തിനും വോട്ടര്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജില്ലയില്‍ നടപ്പാക്കുന്ന സ്വീപ്പ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറര്‍ പാര്‍ട്ടിസിപ്പേഷന്‍) പദ്ധതിയുടെ ഭാഗമായി ഇന്നു വൈകീട്ട് കൊല്ലത്ത് വോട്ടത്തോണ്‍ എന്ന പേരില്‍ മിനിമാരത്തോണ്‍ സംഘടിപ്പിക്കും.
കൊല്ലം സായ്, ടികെഎം എന്‍ജിനിയറിങ് കോളജ്, ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വോട്ടത്തോണ്‍ വൈകീട്ട് 5.30ന് ആശ്രാമത്തു നിന്നാരംഭിച്ച് ചിന്നക്കടയില്‍ സമാപിക്കുമെന്ന് ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനു പുറമേ എന്‍സിസിയുമായി സഹകരിച്ച് ഈമാസം 11 മുതല്‍ 22 വരെ ജില്ലയിലെ 11 മണ്ഡലങ്ങളിലും സൈക്കിള്‍ റാലി സംഘടിപ്പിക്കും. പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോളിങ്ബൂത്തിന്റെ മാതൃക സജ്ജീകരിച്ച് കൊല്ലം ഇലക്ഷന്‍ എക്‌സ്പ്രസ് നിരത്തിലിറക്കും. വാഹനം സന്ദര്‍ശിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലഘുലേഖകളും മറ്റും വിതരണം ചെയ്യും.
ആര്‍ക്ക് വോട്ടു ചെയ്തുവെന്ന് വോട്ടര്‍ക്ക് ഉടന്‍ പരിശോധിച്ച് ബോധ്യപ്പെടാന്‍ കഴിയുന്ന വിവി പാറ്റ്(വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) സംവിധാനത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന പ്രത്യേക വാഹനം കൊല്ലം മണ്ഡലത്തില്‍ പര്യടനം നടത്തും. ഭിന്നശേഷിയുള്ള വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യുന്നതിനുള്ള സഹായം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ബധിര-മൂക വോട്ടര്‍മാരുമായി ആശയവിനിമയം നടത്തുന്നതിനു വേണ്ടി പരിശീലനത്തില്‍ വെളിയം ബഡ് സ്‌കൂള്‍ അധ്യാപകരുടെ സേവനം ലഭ്യമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. എല്ലാ ബൂത്തുകളിലും ബിഎല്‍ഒയ്‌ക്കൊപ്പം ഒരു വെല്‍ഫെയര്‍ ഗ്രൂപ്പിനെ ക്രമീക്കരിക്കാനും നിര്‍ദേശമുണ്ട്. പ്രായമായവര്‍ക്കും കൈക്കുഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കുന്നതിനൊപ്പം അവര്‍ക്കാവശ്യമായ ഇരിപ്പിടങ്ങളും മറ്റും ബൂത്തുകളില്‍ ക്രമീകരിക്കും. മാതൃകാ പോളിങ് ബൂത്തുകളില്‍ വീല്‍ ചെയറുകള്‍ ഏര്‍പ്പെടുത്തും.
ഇതിനു പുറമേ ജില്ലയില്‍ ഇത്തവണ സ്ത്രീസൗഹൃദ ബൂത്തുകളും ക്രമീകരിക്കും. ഇവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ, സുരക്ഷാച്ചുമതലയ്ക്കും വനിതകളെ നിയോഗിക്കുന്നത് പരിഗണിക്കും.
തിരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഈമാസം 18 മുതല്‍ ആരംഭിക്കും. 40 പേര്‍ അടങ്ങുന്ന ഒരു ബാച്ച് എന്ന നിലയിലാവും പരിശീലനം നല്‍കുക. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ജില്ലയില്‍ 78 സ്‌ക്വാഡുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോലിസ് പട്രോളിങിനു പുറമേയാണ് ഇത്. കള്ളപ്പണത്തിന്റെ കടത്ത് അടക്കം തടയാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പടെ തന്ത്രപ്രധാനമായ ആറു മേഖലകളില്‍ സംയുക്ത സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ പോസ്റ്ററുകള്‍ പതിക്കുന്നത് ഇത്തവണ കര്‍ശനമായി നിയന്ത്രിക്കും. ഇത്തരത്തില്‍ പോസ്റ്റര്‍ പതിച്ചാല്‍ അത് മാറ്റുന്നതിന് വരുന്ന ചെലവുസഹിതം സ്ഥാനാര്‍ഥിയില്‍ നിന്ന് ഈടാക്കും. അതിര്‍ത്തി പ്രദേശങ്ങളിലെ തമിഴ് വോട്ടര്‍മാര്‍ക്കായി ഇലക്ടറല്‍ റോള്‍ അടക്കമുള്ള തിരഞ്ഞെടുപ്പു രേഖകളില്‍ മലയാളത്തിനു പുറമേ തമിഴും ഉള്‍പ്പെടുത്തും. ജില്ലയുടെ കിഴക്കന്‍മേഖലയില്‍ ആദിവാസി ഭീഷണിയുണ്ടെന്ന റിപോര്‍ട്ടുകള്‍ കലക്ടര്‍ തള്ളി. സ്‌പെഷ്യല്‍ബ്രാഞ്ച് ഉള്‍പ്പടെയുള്ളവരുടെ യോഗങ്ങളില്‍ അത്തരത്തിലുള്ള റിപോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പു കാലയളവില്‍ ജില്ലയില്‍ നാസ്‌ക് ഡോലിന് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it