Alappuzha local

വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സുരക്ഷയൊരുക്കും

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി സമ്മതിദാന അവകാശം നിര്‍വഹിക്കുവാനുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയും ജില്ലാ പോലിസ് മേധാവി പി അശോക് കുമാറും പറഞ്ഞു. അമ്പലപ്പുഴ, കുട്ടനാട് നിയോജക മണ്ഡലങ്ങളിലെ പ്രശ്‌ന സാധ്യതാ ബൂത്തുകളും മാതൃകാ പോളിങ് സ്റ്റേഷനുകളും സന്ദര്‍ശിക്കുകയായിരുന്നു ഇരുവരും.
അതീവ പ്രശ്‌ന ബാധിത ബൂത്തുകളില്‍ പോളിങ് ജോലികള്‍ നേരിട്ട് നിരീക്ഷിക്കുന്നതിന് വെബ് കാസ്റ്റിങ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കും. പ്രശ്‌ന സാധ്യതാബൂത്തുകളില്‍ കൂടുതല്‍ പോലിസിനെ നിയോഗിക്കും. വീഡിയോ റെക്കോര്‍ഡിങ് ഏര്‍പ്പെടുത്തും.
അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ കരുമാടി സെന്റ് നിക്കോളാസ് എല്‍പി സ്‌കൂള്‍, കുട്ടനാട് മണ്ഡലത്തിലെ തകഴി ചിറയകം ഗവ. യുപിഎസ്, തകഴി ശിവശങ്കരപ്പിള്ള സ്മാരക യുപി സ്‌കൂള്‍, തെന്നടി ഗവ. എല്‍പി സ്‌കൂള്‍, കുന്നുമ്മ ഹോളിഫാമിലി എല്‍പിഎസ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കലക്ടറും ജില്ലാ പോലിസ് മേധാവിയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. മോഡല്‍ പോളിങ് സ്റ്റേഷനുകളില്‍ കുടിവെള്ളം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
കുട്ടനാട് നിയോജക മണ്ഡലം വരണാധികാരിയായ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എസ് പുഷ്പകുമാരി, കുട്ടനാട് തഹസില്‍ദാര്‍ ചെറിയാന്‍ വി കോശി മറ്റ് ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു. ജില്ലയിലെ പ്രശ്‌ന സാധ്യതാ ബൂത്തുകളുടെ ലിസ്റ്റ് പൊലിസ് തയ്യാറാക്കിയിട്ടുണ്ട് . അതീവ പ്രശ്‌ന ബാധിത ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കി വരുന്നതായി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it