kozhikode local

വോട്ടര്‍മാരെ കാത്ത് 2622 വോട്ടിങ് യന്ത്രങ്ങള്‍; ഇത്തവണ സ്ഥാനാര്‍ഥിയുടെ ചിത്രവും

കോഴിക്കോട്: അടുത്തമാസം 16ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ തയ്യാറായിരിക്കുന്നത് 2622 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (2451 സാധാരണ വോട്ടിങ് യന്ത്രങ്ങളും 171 വിവിപിഎടി യന്ത്രങ്ങളും).
ഏതു സ്ഥാനാര്‍ഥിക്കു വോട്ട് രേഖപ്പെടുത്തിയെന്ന് പ്രിന്റൗട്ട് കണ്ട് ബോധ്യപ്പെടാവുന്ന വിവിപിഎടി യന്ത്രങ്ങള്‍ നോര്‍ത്ത് മണ്ഡലത്തില്‍ മാത്രമാണ് പരീക്ഷണാര്‍ഥത്തില്‍ ഉപയോഗിക്കുന്നത്. 13 മണ്ഡലങ്ങളിലായി ജില്ലയിലുള്ള 1886 പോളിങ് സ്റ്റേഷനുകളിലേക്ക് 2451 കണ്‍—ട്രോള്‍ യൂനിറ്റുകളും 3720 ബാലറ്റ് യൂനിറ്റുകളുമുണ്ട്. ഡിസംബറില്‍ തന്നെ ജില്ലയിലെത്തി തുടങ്ങിയ വോട്ടിങ് യന്ത്രങ്ങള്‍ സിവില്‍ സ്റ്റേഷനിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്നിവയ്‌ക്കൊപ്പം അവരുടെ ഫോട്ടോ കൂടി ഉണ്ടാകുമെന്ന സവിശേഷത ഇത്തവണയുണ്ട്. ഒരേ പേരിലുള്ള സ്ഥാനാര്‍ഥികള്‍ തമ്മില്‍ മാറിപ്പോവാനുള്ള സാധ്യത കുറയ്ക്കുന്നതിനു വേണ്ടിയാണിത്. ഒരു സ്ഥാനാര്‍ഥിക്കും വോട്ടുചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാം.
തിരഞ്ഞെടുപ്പ് ദിവസം രാവിലെ ഏജന്റുമാരുടെയും ഏതാനും വോട്ടര്‍മാരുടെയും സാന്നിധ്യത്തില്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ മോക്‌പോള്‍ നിര്‍വഹിക്കും. മോക് പോളില്‍ ചെയ്ത വോട്ടുകള്‍ മായ്ച്ചുകളഞ്ഞ ശേഷം പോളിംഗ് ഉദ്യോഗസ്ഥന്‍ വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്യും. വോട്ടിംഗ് പൂര്‍ത്തിയായ ശേഷം ഒരു വട്ടം കൂടി സീല്‍ ചെയ്ത ശേഷമാണ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റുക. വോട്ടെണ്ണിയതിനു ശേഷം ഇവ വീണ്ടും സിവില്‍ സ്റ്റേഷനിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകളൊന്നുമില്ലെങ്കില്‍ ചുരുങ്ങിയത് ആറു മാസം വരെ ഇവ ഇവിടെ സൂക്ഷിക്കും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട എന്തെങ്കിലും തര്‍ക്കങ്ങളുണ്ടെങ്കില്‍ മാത്രമേ വിവിപിഎടി യന്ത്രങ്ങളിലെ പ്രിന്റൗട്ടുകളുടെ പെട്ടികള്‍ തുറക്കുകയുള്ളൂ. കോഴിക്കോട് അഡീഷനല്‍ തഹസില്‍ദാര്‍ കെ ബാലനാണ് ഇവിഎം മാനേജ്‌മെന്റ് സെല്ലിന്റെ ചുമതല.
Next Story

RELATED STORIES

Share it