kozhikode local

വോട്ടര്‍പ്പട്ടികയില്‍ കൃത്രിമം നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന്

കോഴിക്കോട്: കോഴിക്കോട് താലൂക്കിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍പ്പട്ടികയില്‍ ഭരണകക്ഷിക്ക് വേണ്ടി കൃത്രിമം നടത്താന്‍ കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇവരെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലകലക്ടറും എഡിമ്മും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും ഇന്നുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരേ ഇന്ന് കലക്ടറേറ്റിന് മുമ്പില്‍ പ്രക്ഷോഭം നടത്തും. തുടര്‍ന്നും നടപടികളെടുത്തില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് എളമരം കരീം എംഎല്‍എ അറിയിച്ചു.
കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നും ആയിരക്കണക്കിന് എല്‍ഡിഎഫ് വോട്ടര്‍മാരുടെ പേര് നീക്കം ചെയ്യാനുള്ള അപേക്ഷവാങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ സുജിത്ത്, ക്ലാര്‍ക് സജീവ് കുമാര്‍, കോഴിക്കോട് സൗത്ത് മണ്ഡലം ചാര്‍ജ് ഓഫിസര്‍ പ്രകാശന്‍ എന്നിവരാണ് കൃത്രിമങ്ങള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്നതെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ, എ കെ ശശീന്ദ്രന്‍ എംഎല്‍എ, ടി വി ബാലന്‍, ടി പി ദാസന്‍, ഇ പി ദാമോദരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it