wayanad local

വൈസ് പ്രസിഡന്റ് വിട്ടുനിന്നു; കാസ്റ്റിങ് വോട്ടോടെ നിയമനത്തിന് അംഗീകാരം



മാനന്തവാടി: പഞ്ചായത്തിലെ എന്‍ആര്‍ഇജിഎ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുമാസമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് വിരാമം. ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് നിയമനത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യാതെ വോട്ടെടുപ്പില്‍ നിന്നു മാറിനില്‍ക്കുകയും പ്രസിഡന്റ് കാസ്റ്റിങ് വോട്ട് നടത്തുകയും ചെയ്തതോടെയാണ് നേരത്തെ ഇന്റര്‍വ്യൂ കമ്മിറ്റി കൂടുതല്‍ മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ അനുകൂല സാഹചര്യമൊരുങ്ങിയത്. ഇന്നലെ ചേര്‍ന്ന പ്രത്യേക ഭരണസമിതി യോഗത്തില്‍ 16 അംഗങ്ങളില്‍ ഏഴുപേര്‍ നിയമനത്തെ അനുകൂലിച്ചും ഏഴുപേര്‍ എതിര്‍ത്തും വോട്ട് ചെയ്യുകയായിരന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റും ബിജെപി അംഗവും വിട്ടുനിന്നതോടെയാണ് വോട്ടിങ് തുല്യനിലയിലായത്. ഇതേത്തുടര്‍ന്ന് ഭരണസമിതിയില്‍ തീരുമാനങ്ങളെടുക്കുന്നതിന് പ്രസിഡന്റിന് ഉപയോഗപ്പെടുത്താവുന്ന കാസ്റ്റിങ് വോട്ട് ചെയ്ത് ഇന്റര്‍വ്യൂ കമ്മിറ്റി കണ്ടെത്തിയ ആളെ ഓവര്‍സിയര്‍ തസ്തികയിലേക്ക് നിയമിക്കുകയായിരുന്നു. ഇതോടെ യുഡിഎഫിന് എതിര്‍പ്പില്ലാത്ത എഇ ഉള്‍പ്പെടെയുള്ളവരുടെ നിയമനം നടത്തുകയും തൊഴിലുറപ്പ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാവുകയും ചെയ്തു. നേരത്തെ വൈസ് പ്രസിഡന്റ് പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് നിയമനത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് രണ്ടു ഭരണസമിതി യോഗത്തിലും നിയമന നപടികള്‍ക്ക് അംഗീകാരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇവരെ അനുനയിപ്പിച്ച് വോട്ടെടുപ്പില്‍ വിട്ടുനില്‍ക്കാനുള്ള സാഹചര്യം എല്‍ഡിഎഫ് സൃഷ്ടിക്കുകയും പാര്‍ട്ടി കണ്ടെത്തിയ ആളെ ഓവര്‍സിയര്‍ തസ്തികയിലേക്ക് നിയമിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it