ernakulam local

വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി സ്‌കൂള്‍ വിപണി ഉണര്‍ന്നു



നഹാസ് ആബിദ്ദീന്‍ നെട്ടൂര്‍

കൊച്ചി: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിരവധി പുതുമകള്‍ നിറഞ്ഞതും വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി വിപണി ഉണര്‍ന്നു. വില അല്‍പം കൂടുതലാണെങ്കിലും സ്‌കൂള്‍ തുറക്കുന്നത് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളും രക്ഷിതാക്കളും. പതിവുപോലെ ചൈനീസ് ബാഗുകളും കുടകളും തന്നെയാണ് ഇത്തവണയും സ്‌കൂള്‍ വിപണിയിലെ താരമെങ്കിലും ബ്രാന്‍ഡഡ് ബാഗുകള്‍ക്കും ആവശ്യക്കാരേറെയാണ്. കൊച്ചി നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ബ്രോഡ്‌വെയില്‍ മാര്‍ച്ച് അവസാനത്തോടെ തന്നെ സ്‌കൂള്‍ സാമഗ്രികള്‍ എത്തിത്തുടങ്ങി.ഇത്തവണയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തന്നെയാണ് സ്‌കൂള്‍ വിപണിയിലെ താരമെങ്കിലും ബാഹുബലിയും പുലിമുരുകനും വിപണിയിലുണ്ട്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ഗ്രാഫിക്‌സ് ബാഗുകള്‍ക്കാണ് ആവശ്യക്കാരേറെ. ബാഹുബലി, പുലിമുരുകന്‍, ബെന്‍ടെന്‍, സ്‌പൈഡര്‍മാന്‍, മിക്കിമൗസ്, ബാര്‍ബി ഡോള്‍ തുടങ്ങി കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളെല്ലാം ബാഗുകളിലും കുടകളിലും ടിഫിന്‍ ബോക്‌സുകളിലും ഇടം പിടിച്ചിട്ടുണ്ട്. 400 മുതല്‍ 1400 രൂപ വരെയാണ് ബാഗുകളുടെ വില. മുതിര്‍ന്ന കുട്ടികള്‍ക്കായി വ്യത്യസ്ത കളര്‍ കോമ്പിനേഷനും ഡിസൈനോടും കൂടിയ ബാഗുകളും വിപണിയിലുണ്ട്. അമേരിക്കന്‍ ടൂറിസ്റ്റ്, സ്‌ക്കൈ ബാഗ്‌സ്, വൈല്‍ ഗ്രാഫ്റ്റ് തുടങ്ങി സ്‌കൂബി ഡേ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡഡ് കമ്പനികളുടെ ബാഗുകള്‍ അന്വേഷിച്ചെത്തുന്നവരുമുണ്ട്. സ്‌കൂള്‍ ബാഗുകളില്‍ പുതുമയുണര്‍ത്തുന്ന സ്‌കൂള്‍ ട്രോളി ബാഗുകള്‍ക്ക് 1300 മുതല്‍ 4000 രൂപ വരെയാണ് വില.ചെറിയ കുട്ടികള്‍ക്കുള്ള കുടകളില്‍ ആകര്‍ഷകമായ നിറങ്ങളും കാര്‍ട്ടൂണുകളും തന്നെയാണ് മുഖ്യം. ഇവയ്ക്ക് ഇരുന്നൂറ്റമ്പത് രൂപ മുതലാണ് വില. വിവിധ വര്‍ണങ്ങളിലുള്ള ചൈനീസ് കുടകള്‍ക്ക് 250 മുതല്‍ 350 രൂപ വരെയാണ് വില. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളോട് സാമ്യമുള്ള മഴക്കോട്ടുകളും ലഭ്യമാണ്. 225 രൂപ മുതല്‍ 1100 രൂപ വരെയാണ് മഴകോട്ടുകളുടെ വില. നോട്ട് ബുക്കുകളിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്. പെന്‍സില്‍ബോക്‌സ്, പൗച്ചസ്, വാട്ടര്‍ബോട്ടില്‍, ലഞ്ച്‌ബോക്‌സ് എന്നിവയിലും ചൈനീസ് ആധിപത്യം തന്നെ. വൈവിധ്യമാര്‍ന്ന കളര്‍ കോമ്പിനേഷനിലുളള പെന്‍സില്‍ബോക്‌സുകള്‍ക്ക് നൂറ് മുതല്‍ 250 വരെയാണ് വില. വിവിധതരം പൗച്ചുകള്‍ക്കും വില ഏകദേശം ഇതുതന്നെ. പണ്ടുകാലത്തെ അപേക്ഷിച്ച് ഒരു വര്‍ഷം മാത്രമാണ് ഇവ ഉപയോഗിക്കുന്നതെങ്കിലും വില കുറഞ്ഞവയേക്കാള്‍ ഗുണനിലവാരം നോക്കിയാണ് രക്ഷിതാക്കള്‍ സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നത്.ബാഗ്, കുട, യൂണിഫോം, ഷൂസ്, മറ്റു പഠനോപകരണങ്ങള്‍ എന്നിവയുടെ വില മുന്‍ വര്‍ഷത്തേക്കാള്‍ ക്രമാതീതമായി വര്‍ധിച്ചു. ബാഗ്, പുസ്തകങ്ങള്‍, റെയിന്‍കോട്ട്, യൂനിഫോം എന്നിവയുള്‍പ്പെടെ പഠനോപകരണങ്ങള്‍ വാങ്ങുവാന്‍ അധ്യയന വര്‍ഷാരംഭത്തില്‍ ഒരു കുട്ടിക്ക് കുറഞ്ഞത് നല്ലൊരു തുക ചെലവാവും. ഇത്തവണ ബാഗ് വില്‍പന കുറവാണെന്നും അവസാന ദിവങ്ങളില്‍ വില്‍പന കൂടിയേക്കാമെന്നും മൂവാറ്റുപുഴയിലെ ബാഗ്, മഴക്കോട്ട് മൊത്ത വിതരണക്കാരന്‍ രാജേഷ് തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it