Movies

വൈവാഹിക ബലാല്‍സംഗം വിഷയമാക്കിയ ഒറ്റമുറിവെളിച്ചം മികച്ച ചിത്രമായി

വൈവാഹിക ബലാല്‍സംഗം വിഷയമാക്കിയ ഒറ്റമുറിവെളിച്ചം മികച്ച ചിത്രമായി
X
ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

കൊല്ലം സ്വദേശിയായ രാഹുല്‍ റിജി നായര്‍ തന്റെ ആദ്യ ഫീച്ചര്‍ സിനിമയായ ഒറ്റമുറി വെളിച്ചത്തിന്  മികച്ച സിനിമയ്ക്കുള്ള സംസ്ഥാന  സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്.
സിനിമയില്‍ അധികമാരും കൈകാര്യം ചെയ്യാത്ത വൈവാഹിക ബലാല്‍സംഗം എന്ന വിഷയമാണ് ഒറ്റമുറി വെളിച്ചത്തിനാധാരം. സിനിമയ്ക്ക് അനുയോജ്യമായ ഹൃദയസ്പര്‍ശിയായ കഥ തേടുന്നതിനിടയിലാണ് സാധാരണ അധികമാരും ശ്രദ്ധിക്കാത്തതും ചര്‍ച്ച ചെയ്യപ്പെടാത്തതുമായ ഈ ആശയം മനസില്‍ വന്നതെന്ന് രാഹുല്‍ പറയുന്നു.
വനത്താല്‍ ചുറ്റപ്പെട്ട ഒരു മലയോര ഗ്രാമത്തിലെ കഥയാണ്. ഇലക്ട്രീഷനായ ചന്ദ്രനും വിവാഹശേഷം ഭര്‍ത്തൃവീട്ടിലേക്ക് കടന്നുവരുന്ന ചന്ദ്രന്റെ ഭാര്യ സുധയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ദീപക് പരംബോലും ആനന്ദം എന്ന സിനിമയിലെ അധ്യാപികയുടെ വേഷത്തിലൂടെ പ്രശസ്തയായ വിനീത കോശിയുമാണ് ചന്ദ്രനും സുധയുമായി വേഷമിടുന്നത്.
ഭര്‍ത്താവിന്റെ സഹോദരനും പ്രായമായ അമ്മക്കുമൊപ്പം ആ വീട്ടില്‍ കഴിയുന്ന സുധ അനുഭവിക്കുന്ന അവകാശലംഘനങ്ങളിലൂടെയാണ് സിനിമ  പുരോഗമിക്കുന്നത്. ഭാര്യയുടെ മേല്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവും അതിനെതിരെ പൊരുത്താനാവാതെ മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന ഭാര്യയുമാണ് സിനിമയുടെ പ്രമേയം. രാജേഷ് ശര്‍മ(ജയന്‍), പൗളി വല്‍സണ്‍(അമ്മ). രഞ്ജിത്ത് ശേഖര്‍(രമേഷ്) എന്നിവരാണ് സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



സിനിമയിലെ കഥ സഞ്ചരിക്കുന്നത്ഒരു ഒറ്റമുറി വീട്ടിലാണ്. ലൈറ്റാണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രം. ഒറ്റ മുറിക്കുള്ളില്‍ രാത്രിയും പകലും കത്തിനില്‍ക്കുന്ന നിറം മാറുന്ന ഒരു ലൈറ്റ് സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ കാണാം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായി ചന്ദ്രന്‍ വിശേഷിപ്പിക്കുന്ന പ്രസ്തുത ലൈറ്റ്, ഭാര്യ സുധയെ സംബന്ധിച്ചിടത്തോളം തന്റെ സ്വകാര്യത നഷ്ടപ്പെടുന്ന ഒരു ശല്യക്കാരനാണ്. വെളിച്ചം എപ്പോഴും സന്തോഷത്തിന്റെ ചിഹ്നമാണ് എന്നാല്‍ ലൈറ്റ് ശല്യമായി മാറുന്ന വൈരുധ്യാത്മകതയാണ് ഇവിടെ കാണുന്നത്. ഇതാണ് ഒറ്റമുറി വെളിച്ചം.

'ഒറ്റമുറി വെളിച്ചം' ഗോവയിലും ദുബായിലും നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് 'ഫിലിം ബസാര്‍ റെക്കമന്‍ഡ്‌സ് ' വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഗോവ ചലച്ചിത്രോത്സവത്തിലെ വിവിധധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള 203 ചിത്രങ്ങളില്‍ നിന്ന് 24 ചിത്രങ്ങള്‍ എന്‍എഫ്ഡിസി തെരഞ്ഞെടുത്തതിലും  'ഒറ്റമുറി വെളിച്ചം' ഉള്‍പ്പെട്ടിരുന്നു.കഴിഞ്ഞ  ഡിസംബര്‍ ആറിന് ദുബായില്‍ ആരംഭിച്ച ചലച്ചിത്രോത്സവത്തിലും 'മാര്‍ക്കറ്റ് റെക്കമന്‍ഡെഡ്' വിഭാഗത്തില്‍ 'ഒറ്റമുറി വെളിച്ചം' തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അടുത്തിടെ രാഹുല്‍ സംവിധാനം ചെയ്ത 'മൗനം സൊല്ലും വാര്‍ത്തകള്‍' എന്ന തമിഴ് മ്യൂസിക് വിഡിയോ വന്‍ തരംഗമായി മാറിയിരുന്നു. വിനീത കോശി കേന്ദ്രകഥാപാത്രമായെത്തിയ വിഡിയോയ്ക്ക് അഞ്ചു ദശലക്ഷത്തിലധികം പ്രേക്ഷകരെയാണ് ലഭിച്ചത്. ടിസിഎസില്‍ മാര്‍ക്കറ്റിംഗ് മാനേജറായിരുന്ന രാഹുല്‍ ആ ജോലി ഉപേക്ഷിച്ചാണ് സിനിമാലോകത്തിലേക്ക് ചുവടുവെക്കുന്നത്. ആദ്യ സിനിമയിലൂടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും കൂടി ലഭിച്ചതോടെ ഇരട്ടി മധുരവുമായി.
പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ കഥ പറഞ്ഞ 'ദ ഹ്യൂമണ്‍ ബൗണ്ടറീസാണ്(2011) കൊല്ലം സ്വദേശിയായ രാഹുലിന്റെ ആദ്യ സംരംഭം.രാജ്യാന്തരമേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണിത്.
Next Story

RELATED STORIES

Share it