Second edit

വൈറ്റ്ഹൗസ് മേളം



അമേരിക്കന്‍ പ്രസിഡന്റിന്റെ കൊട്ടാരമായ വൈറ്റ്ഹൗസില്‍ ഇതു മേളപ്പെരുക്കത്തിന്റെ കാലമാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് തായമ്പകയ്ക്കു നേതൃത്വം നല്‍കുന്നത്. തിരുതകൃതിയായ ആഘോഷവരവില്‍ തപ്പിയും തടഞ്ഞും വഴിയില്‍ വീണത് ഡസന്‍കണക്കിനു പ്രമുഖരാണ്. പ്രസിഡന്റിന്റെ ഉപദേശകരും സഹപ്രവര്‍ത്തകരുമായി വന്നവരില്‍ നിരവധി പ്രധാനികള്‍ ഇതിനകം രാജിവച്ചു. കുറേ പേരെ ട്രംപ് പുറത്താക്കുകയും ചെയ്തു. പുറത്തായവര്‍ക്കു പകരംവയ്ക്കാന്‍ ആളെ കിട്ടാനും പ്രയാസം. ട്രംപിന്റെ കൂടെ ജോലിചെയ്യുന്നത് ആരോഗ്യത്തിന് ഉത്തമമല്ല എന്ന ബോധ്യം കാരണം പലരും അങ്ങോട്ട് അടുക്കാന്‍ തന്നെ തയ്യാറാവുന്നില്ല. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലര്‍സണാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പേരുകേട്ട എണ്ണക്കമ്പനിയായ എക്‌സണ്‍ മേധാവിയായിരുന്നു അദ്ദേഹം. വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റശേഷം അദ്ദേഹത്തിനു ശനിദശയാണ്. വകുപ്പിന്റെ ഫണ്ട് ട്രംപ് വെട്ടിക്കുറച്ചു. ടില്ലര്‍സണ്‍ നയതന്ത്രരംഗത്ത് നടത്തുന്ന നീക്കങ്ങളെ ട്വിറ്റര്‍ വഴി പാരവയ്ക്കുന്ന പരിപാടി വേറെ. ഇറാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ സെക്രട്ടറി ശ്രമിച്ചപ്പോള്‍ ട്രംപ് അതിനെതിരേ രംഗത്തിറങ്ങി. ഉത്തര കൊറിയയുമായി ചര്‍ച്ച നടത്തുമെന്ന് ടില്ലര്‍സണ്‍ പറഞ്ഞപ്പോള്‍, അങ്ങേര് സമയം മെനക്കെടുത്തുകയാണെന്ന് ട്രംപ്. ക്ഷമയറ്റ ടില്ലര്‍സണ്‍ ട്രംപിനെ 'പമ്പരവിഡ്ഢി' എന്നു വിശേഷിപ്പിച്ചതായാണ് മാധ്യമങ്ങള്‍ പറയുന്നത്. താന്‍ രാജിവയ്ക്കുകയാണ് എന്ന വാര്‍ത്ത നിഷേധിക്കാന്‍ ടില്ലര്‍സണ്‍ കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തി. പക്ഷേ, പദവിയില്‍ അദ്ദേഹം ഇനിയെത്ര നാള്‍ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Next Story

RELATED STORIES

Share it