വൈറസ് ബാധിച്ചതു കിണര്‍വെള്ളത്തില്‍ നിന്നാണെന്നു സംശയം

കോഴിക്കോട്: ചങ്ങരോത്ത് നിപ വൈറസ് ബാധിച്ചതു കിണര്‍ വെള്ളത്തില്‍ നിന്നാണെന്നു സംശയമുണ്ടെന്നു മന്ത്രി കെ കെ ശൈലജ. രോഗബാധ തടയുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗമുണ്ടെന്നു സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കും. രോഗികളെ പരിചരിക്കുന്നവര്‍ ജാഗ്രതപാലിക്കണം. പെട്ടെന്നു രോഗം കുറയ്ക്കാനുള്ള മരുന്നിന്റെ അഭാവം ലോകത്താകമാനമുണ്ട്. കിട്ടാവുന്നിടത്തു നിന്നെല്ലാം മരുന്ന് എത്തിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടു വീതം വെന്റിലേറ്ററും ഐസൊലേഷന്‍ വാര്‍ഡുകളും തുറന്നിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം എട്ടു പേരാണു ചികില്‍സയിലുള്ളത്. വവ്വാലുകളില്‍ നിന്നല്ലാതെ മറ്റു ജീവികളിലൂടെ രോഗം പകരുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല.
അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു കലക്ടര്‍ ചെയര്‍മാനും ഡിഎംഒ കണ്‍വീനറുമായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ചികില്‍സ തേടിയെത്തുന്നവരെ മടക്കി അയക്കരുതെന്നു സ്വകാര്യ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ആശുപത്രി ജീവനക്കാരുടെ അധിക സുരക്ഷയ്ക്കും നടപടിയെടുത്തിട്ടുണ്ട്.  ചങ്ങരോത്തെ സഹോദരങ്ങളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ചികില്‍സയിലുണ്ട്. ഇയാള്‍ക്കു വൈറസ് ബാധ സംശയിക്കുന്നുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍ സുജിത്ത് കെ സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മെഡിക്കല്‍ സംഘം കോഴിക്കോട്ടെത്തി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ സംഘം ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനു മെഡിക്കല്‍ കോളജിലും ഡിഎംഒ ഓഫിസിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ രണ്ട് വെന്റിലേറ്ററുകളും ഐസൊലേഷന്‍ വാര്‍ഡുകളും കൂടി തുറന്നു.
അതേസമയം, നിപ പോലുള്ള വൈറസ് രോഗങ്ങള്‍ക്കു കാരണമാവുന്ന വൈറസിനെ കണ്ടെത്താന്‍ വേണ്ട ലാബ് സൗകര്യം സംസ്ഥാനത്തു സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ശൈലജ അറിയിച്ചു. നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടുമായി ആലോചിച്ച് മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെ സൗകര്യത്തോടെയുള്ള ലാബാണു സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
Next Story

RELATED STORIES

Share it