kozhikode local

വൈറസ് പ്രതിരോധത്തിന് ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മാസ്‌ക്കുകള്‍ ഭീഷണി

കോഴിക്കോട്: നിപാ വൈറസ് പ്രതിരോധിക്കാന്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മാസ്‌ക്കുകള്‍ ഭീഷണിയാവുന്നു. നിപാ വൈറസ് റിപോര്‍ട്ട് ചെയ്തതിനു ശേഷം പതിനായിരക്കണക്കിനു മാസ്‌കുകളാണ് വിറ്റഴിഞ്ഞത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആളുകള്‍ ഇപ്പോഴും മാസ്‌ക ധരിച്ചാണ് എത്തുന്നത്. ആശുപത്രി വിട്ടു പോരുമ്പോള്‍ പലരും മാസ്‌കുകള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുകയാണ്. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു സമീപമുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജില്‍ മാത്രം ഇത്തരത്തില്‍ നൂറുകണക്കിനു മാസ്‌കുകളാണ് ഉപേക്ഷിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളജ് പരിസരത്തെ റോഡുകളിലും ഇത്തരത്തില്‍ ആയിരക്കണക്കിനു മാസ്‌കുകള്‍ വലിച്ചെറിഞ്ഞിട്ടുണ്ട്.
റോഡുകളില്‍ ശുചീകരണം നടക്കുന്നുണ്ടെങ്കിലും ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ അടുത്തേക്ക് ആരും തിരിഞ്ഞു നോക്കാറില്ല. മാസ്‌കുകള്‍ റോഡരികില്‍ വലിച്ചെറിയുന്നതിലൂടെ നിപാ വൈറസ് അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പകരാന്‍ സാധ്യത കൂടുതലാണ്. മെഡിക്കല്‍ കോളജ് കൂടാതെ മറ്റു പലയിടങ്ങളിലും ഇത്തരത്തില്‍ മാസ്‌കുകള്‍ ഉപേക്ഷിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉപേക്ഷിച്ച മാസ്‌കുകള്‍ വലിച്ചെറിയുന്നതിലൂടെ സ്വന്തം സുരക്ഷ ഉറപ്പാക്കി അത് മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്.
മാസ്‌ക് നിക്ഷേപിക്കാന്‍ പ്രത്യേക സംവിധാനം അധികൃതര്‍ ഒരുക്കിയിട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരവും മാസ്‌ക് കൊണ്ട് നിറയും. നിപാ വിട്ടുമാറിയെങ്കിലും ഇപ്പോഴും ആളുകള്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നുണ്ട്. സൗജന്യമായി പല സംഘടനകളും സഹകരണ സ്ഥാപനങ്ങളും മാസ്‌കുകള്‍ വിതരണം ചെയ്യുന്നുണ്ട്. സൗജന്യമായി ലഭിക്കുന്നതുകൊണ്ട് പലരും മണിക്കൂറുകള്‍ കഴിയുമ്പോള്‍ മാറ്റിയാണ് മാസ്‌ക് ഉപയോഗിക്കുന്നത്.
Next Story

RELATED STORIES

Share it