malappuram local

വൈറല്‍ പനി ഭീതിയൊഴിയാതെ കുറ്റിപ്പുറത്തുകാര്‍

കുറ്റിപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വൈറല്‍ പനി ബാധിച്ച് ജനങ്ങള്‍ മരിക്കുമ്പോള്‍ കുറ്റിപ്പുറത്തെ ജനങ്ങള്‍ക്ക് ആശങ്ക വര്‍ധിക്കുന്നു. കുറ്റിപ്പുറം ടൗണിലെ ഹോട്ടലുകളില്‍ നിന്നായി ഭക്ഷണം കഴിച്ച നാലുപേര്‍ ഒരുവര്‍ഷം മുമ്പാണ് കോളറ ബാധിച്ച് മരിച്ചത്. ടൗണിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളില്‍ ശുചിത്വക്കുറവുണ്ടെന്നും ക്ലോറിഫോം അടങ്ങിയ കിണറുകളില്‍ നിന്നാണു ഹോട്ടലുകള്‍ വെള്ളമുപയോഗിക്കുന്നതെന്നും തുടര്‍ന്നു നടന്ന വിദഗ്ധ പരിശോധനയില്‍ ബന്ധപെട്ട ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതാണ്.
ടൗണിലെ ബസ് സ്റ്റാന്റില്‍ സ്ഥാപിച്ചിരിക്കുന്ന ചായക്കടകള്‍ പ്രവര്‍ത്തിക്കുന്നത് അഴുക്കുചാലുകള്‍ക്ക് മുകളിലാണ്. അഴുക്കുചാലുകള്‍ സ്ലാബിട്ട് മൂടി അതിനു മുകളിലായാണു കടകള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ തവണ ഉദ്യോഗസ്ഥര്‍ സ്ഥാപനയുടമകള്‍ക്കു നോട്ടിസ് നല്‍കുമ്പോഴും വ്യാപാരി വ്യവസായി സംഘടനകളുടെ പേര് പറഞ്ഞ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് പ്രതിഷേധിക്കുകയായിരുന്നു. ടൗണിലെ മൂന്ന് ഹോട്ടലുകള്‍ മാത്രമാണ് അധികൃതരുടെ നോട്ടിസിനെ തുടര്‍ന്ന് അടച്ചിട്ട് ശുചീകരണ  പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ടൗണിലും പരിസരത്തുമുള്ള മുപ്പതോളം കിണറുകളില്‍ ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ ക്ലോറിനേഷന്‍ നടത്തിയിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ മുന്‍ കൈയെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ വിവിധ വകുപ്പുകളുടെ തലവന്‍മാരെ വിളിച്ചു ചേര്‍ത്ത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും നടപടികള്‍ ആവിഷ്്കരിച്ചിരുന്നതാണ്. എന്നാല്‍ ഇതെല്ലാം കടലാസിലൊതുങ്ങി. ബസ് സ്റ്റാന്റിലും പരിസരത്തും ഒഴുകിയെത്തുന്ന മഴവെള്ളം ഒഴുകിപ്പോകാന്‍ സ്ഥലമില്ലാതെ അഴുക്കുചാലുകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. നിപ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളും അതിനെ തുടര്‍ന്നുള്ള മരണങ്ങളും ആവര്‍ത്തിക്കുമ്പോള്‍ കുറ്റിപ്പുറം കേന്ദ്രീകരിച്ച് പ്രത്യേക ശുചിത്വ പരിശോധനകളും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it