kozhikode local

വൈബ്‌സ് 2016: നിറങ്ങളുടെ നിസ്സീമമായ ലോകം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ കാണുന്ന സ്വപ്‌നങ്ങള്‍ക്കും വരച്ച ചിത്രങ്ങള്‍ക്കും ഉപയോഗിച്ച നിറങ്ങള്‍ക്കും അര്‍ഥതലങ്ങള്‍ ഏറെയാണ്. മികവുറ്റ കലാകാരന്മാരുടെ ചിത്രങ്ങള്‍ പ്രകടമാക്കുന്ന ആശയങ്ങളും അന്വര്‍ഥതയും ഇവര്‍ വരച്ച ചിത്രങ്ങളിലും ജ്വലിച്ചു നില്‍ക്കുന്നു. മാനസിക പരിമിതികളെ അതിജീവിച്ചു കൊണ്ട് സ്വായത്തമാക്കിയ കാഴ്ചകളെ കാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍ തങ്ങളുടെ കാഴ്ചകളുടെ നിറമണഞ്ഞിട്ടില്ലെന്ന് സമൂഹത്തെ ഓര്‍മപ്പെടുത്തുന്നതാണ് 'വൈബ്‌സ് 2016' പ്രദര്‍ശനം. കംപാഷനേറ്റ് കോഴിക്കോട് (കരുണാര്‍ദ്രം കോഴിക്കോട്) പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ ഒരു സംഘം വിദ്യാര്‍ഥികളുടെയും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം വിസ്മയവും വേറിട്ടതുമായി.
ഇന്നലെ ആരംഭിച്ച ചിത്ര പ്രദര്‍ശനം ആറാം തീയതി വരെ നീണ്ടു നില്‍ക്കും. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളായ മുപ്പതുപേര്‍ പലകാലങ്ങളായി വരച്ച അറുപത് ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത, കുടിവെള്ളം, റോഡുകള്‍, കാടുകള്‍ തുടങ്ങി തങ്ങള്‍ കണ്ട ഒട്ടുമിക്ക രൂപങ്ങളും അവര്‍ ചിത്രീകരിച്ചത് ആശുപത്രി അധികൃതരെ പോലും അത്ഭുതപ്പെടുത്തി. പ്രദര്‍ശനോദ്ഘാടനം ചിത്രകാരന്‍ പാരീസ് മോഹന്‍കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, ഡിഎംഒ ഡോ.സരിത, ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് പ്രദര്‍ശനം. വിറ്റഴിക്കുന്ന ചിത്രങ്ങളില്‍ നിന്നും ലഭിക്കുന്ന തുക മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികളുടെ ഉന്നമനത്തിനു വേണ്ടി വിനിയോഗിക്കുമെന്ന് സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍ പറഞ്ഞു. ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് മുതല്‍് കലാകാരന്‍മാരുടേയും പൊതുപ്രവര്‍ത്തകരുടേയും സൗഹൃദ കൂട്ടായ്മകളും മാനസിക രോഗികളുടെ പ്രശ്‌നങ്ങളില്‍ പൊതു സമൂഹത്തിന്റെ ഇടപെടലുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌കൊണ്ട് പൊതുജനങ്ങള്‍ക്ക് പെയിന്റ് ചെയ്യാനുള്ള വേദികളും സംഘടിപ്പിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it