ernakulam local

വൈപ്പിന്‍ തീരത്ത് വീണ്ടും കടല്‍കയറ്റം



വൈപ്പിന്‍: വൈപ്പിന്‍ തീരത്ത് വീണ്ടും കടല്‍ കയറ്റം. എടവനക്കാട് ചാത്തങ്ങാട്, അണിയില്‍, നായരമ്പലം, പുതുവൈപ്പ് എന്നിവിടങ്ങളിലാണ് ശക്തമായ കടല്‍കയറ്റം അനുഭവപ്പെട്ടത്. ഭിത്തിക്കടിയിലൂടെ കരയിലേക്ക് ഒഴുകിയ വെളളം തീരദേശ റോഡും കടന്ന് സമീപത്തെ വീടുകളിലേക്ക് ഒഴുകി. കടല്‍ വെളളത്തോടൊപ്പം കയറിയ മണല്‍ വീണ് തീരദേശ റോഡ് സഞ്ചാര യോഗ്യമല്ലാതായി. പുലിമുട്ട് നിര്‍മിച്ചിട്ടുള്ളതിനാല്‍ കടല്‍ കയറ്റത്തിന്റെ രൂക്ഷത കുറഞ്ഞ രീതിയില്‍ അനുഭവപ്പെടുന്ന എടവനക്കാട് ചാത്തങ്ങാട് കടപ്പുറത്ത് ഇന്നലെ സ്ഥിതി വ്യത്യസ്തമായിരുന്നു. കടല്‍വെള്ളം ഭിത്തിക്കടിയിലൂടെ കുത്തിയൊഴുകിയതോടെ സമീപത്തെ വീടുകളില്‍വരെ വെള്ളം എത്തി. പ്രദേശവാസികള്‍ മണല്‍വാടയും മറ്റും ഉണ്ടാക്കിയാണ് കടല്‍വെള്ളത്തെ പ്രതിരോധിച്ചത്.പുതുവൈപ്പ് ബീച്ചിലും രൂക്ഷമായ കടല്‍ കയറ്റമാണ് ഉണ്ടായത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ പെട്ടെന്ന് തിരമാലകള്‍ ഉയര്‍ന്നു കരയിലേക്കു ഒഴുകുകയായിരുന്നു. കരയില്‍ സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വല, വഞ്ചി എന്നിവയ്ക്ക് കേടുപറ്റി. ഒരു വല ഒഴുകിപ്പോയി. മറ്റൊന്ന് മണ്ണില്‍ പുതഞ്ഞു. തിരമാലകള്‍ ഉയര്‍ന്നുവരുന്നതു കണ്ടപ്പോള്‍ തീരത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. മണിക്കൂറുകള്‍ക്കകം കടല്‍ ശാന്തമായി.അഞ്ചുതൈക്കല്‍ സുധി, പുറക്കാട് ജയന്‍, പുത്തന്‍പുരയ്ക്കല്‍ അസീസ്, അഞ്ചുതൈക്കല്‍ ഷെറി, കൊപ്രാപറമ്പില്‍ ബാബു, കൊടിക്കല്‍ ഷിജു, എടവനക്കാട്ടുകാരന്‍ ദീപന്‍ എന്നിവരുടെ പണി ഉപകരണങ്ങള്‍ക്കാണ് നാശനഷ്ടമുണ്ടായത്. ദീപന്റെ വല ഒഴുക്കില്‍പ്പെട്ട് കാണാതായി. കടല്‍ കയറ്റമറിഞ്ഞ് തീരത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ അത്യധ്വാനം ചെയ്തതുമൂലമാണ് മറ്റ് വഞ്ചികളും വലകളും നഷ്ടപ്പെടാതിരുന്നത്.കടല്‍ഭിത്തിക്ക് പടിഞ്ഞാറു ഭാഗത്ത് മണല്‍ത്തിട്ട രൂപപ്പെട്ടിട്ടുള്ളതിനാല്‍ ഇവിടെ വന്നിടിക്കുന്ന തിരമാലകള്‍ ഭിത്തിക്കടിയിലൂടെ എത്തുന്നതാണ് വേലിയേറ്റ സമയത്ത് കടല്‍കയറ്റം ഇത്ര രൂക്ഷമായ രീതിയില്‍ അനുഭവപ്പെടാന്‍ കാരണം. കൂടാതെ കടല്‍ ഭിത്തി നിര്‍മാണത്തിലെ അപാകതയാണ് കടല്‍ കരയിലേക്ക് ഒഴുകാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍ പറയുന്നു. പലയിടത്തും കടല്‍ ഭിത്തി ഉണ്ടെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മതില്‍ കെട്ടുന്നതുപോലെയാണ് ഭിത്തി നിര്‍മിച്ചിരിക്കുന്നത്. ഇതിനാല്‍ തിരമാലയുടെ ആഘാതം ഭിത്തിക്ക് നേരിട്ട് ഏറ്റു വാങ്ങേണ്ട സ്ഥിയാണുള്ളത്. മാത്രമല്ല ഭിത്തി നിര്‍മിക്കുമ്പോള്‍ അടത്തറ ബലപ്പെടുത്തിയിട്ടില്ല.കൂറ്റന്‍ കരിങ്കല്ലുകള്‍ അടുക്കിവയ്്ക്കുമ്പോള്‍ ഉണ്ടാവുന്ന വിടവുകള്‍ കരങ്കല്‍ച്ചീളുകള്‍ ഉപയോഗിച്ച് നിറക്കാത്തതുകൊണ്ട് തിരമാലകള്‍ അടിക്കുമ്പോള്‍ ഇതിലൂടെയാണ് കടല്‍ വെളളം കരയിലേക്ക് എത്തുന്നത്. ഇതിനൊപ്പം മണല്‍ കൂടി ചോര്‍ന്നു പോവുന്നതോടെ പലയിടത്തും ഭിത്തിക്ക്  തകര്‍ച്ചസംഭവിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it