ernakulam local

വൈപ്പിന്‍കരയെ വിറപ്പിച്ച് ശനിയാഴ്ച

രാത്രിയില്‍ കടല്‍കയറ്റംവൈപ്പിന്‍: ശനിയാഴ്ച രാത്രിയോടെ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ കുഴുപ്പിള്ളി ബീച്ച്, എടവനക്കാട് ചാത്തങ്ങാട്, പഴങ്ങാട്, നായരമ്പലം എന്നിവിടങ്ങളില്‍— വ്യാപകമായി കടല്‍വെള്ളം കയറി. ഇവിടങ്ങളിലെ താമസക്കാരെ രാത്രിതന്നെ ക്യാംപുകളിലെത്തിച്ചു.
കുഴുപ്പിള്ളിയില്‍ നിന്നുള്ളവരെ പള്ളത്താംകുളങ്ങര ഭഗവതിവിലാസം എല്‍പി സ്‌കൂളിലും എടവനക്കാട് നിന്നുള്ളവരെ സെയ്ദുമുഹമ്മദ് റോഡിലെ ഫലാഹിയ മദ്രസയിലും എത്തിച്ചു. നായരമ്പലത്തെ നിലവിലുള്ള ക്യാംപില്‍ ശനിയാഴ്ച രാത്രിയോടെ കൂടുതല്‍ പേരെത്തി.
ചെറായി രക്തേശ്വരി ബീച്ചിലുണ്ടായ വെള്ളക്കയറ്റം മൂലം അവിടത്തെ താമസക്കാരായ മുപ്പതോളം കുടുംബങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചെറായി രാമവര്‍മ എല്‍പി സ്‌കൂളിലെ ക്യാംപിലെത്തിച്ചു. എന്നാല്‍ ഞായറാഴ്ച രാവിലെ എല്ലാവരും വീടുകളിലേക്ക് മടങ്ങി.
എസ് എന്‍ സംഘത്തിലെത്തിയവരും ഫലാഹിയ മദ്‌റസയിലെത്തിയവരും ശനിയാഴ്ച രാവിലെ മടങ്ങിപ്പോയി. നാലുവീട്ടുകാരെ എടവനക്കാട് ഗവ. യുപി സ്‌കൂളിലേക്കു മാറ്റി. പള്ളത്താംകുളങ്ങര സ്‌കൂളിലെ ക്യാംപില്‍ 90 കുടുംബങ്ങളില്‍ നിന്നുള്ള നാനൂറോളം പേരാണ് ഇപ്പോഴുള്ളത്. ഇവിടം എസ് ശര്‍മ എംഎല്‍എ സന്ദര്‍ശിച്ചു. സി കെ മോഹനന്‍, ഡോ. കെ കെ ജോഷി, അയ്യമ്പിള്ളി ഭാസ്‌കരന്‍, രജിത സജീവ്, എന്‍ സി കാര്‍ത്തികേയന്‍, എം സി സുനില്‍കുമാര്‍, തുളസി സോമന്‍ തുടങ്ങിയവര്‍ എംഎല്‍എക്കൊപ്പമുണ്ടായിരുന്നു. ക്യാംപിലുള്ളവര്‍ക്ക് ഭക്ഷണമൊരുക്കുന്നത് കുഴുപ്പിള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ്. എല്ലാ ക്യാംപുകളിലും പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ശക്തമായ തിരയില്‍ കഴിഞ്ഞ രാത്രി മണല്‍ ഒലിച്ചുപോയ കുഴുപ്പിള്ളി ബീച്ചിനു തെക്കുവശത്തെ ഗ്യാപ്പില്‍ നാട്ടുകാര്‍ മണല്‍ച്ചാക്കുകള്‍ നിറച്ചു. ശനിയാഴ്ച പാത്രിരാത്രി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ കുഴുപ്പിള്ളി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ കെ ചെല്ലപ്പനെ ബീച്ചിലുള്ള രണ്ടുപേര്‍ ചേര്‍ന്ന് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പോലിസ് ചെറായി, പതുവൈപ്പ് ബീച്ചുകള്‍— അടച്ചു. സന്ദര്‍ശകരെ കടത്തി വിടുന്നില്ല.
Next Story

RELATED STORIES

Share it