വൈപ്പിനില്‍ ലത്തീന്‍ കത്തോലിക്കാ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ നീക്കം

കൊച്ചി: ഇരു മുന്നണികളുടെയും വാഗ്ദാന ലംഘനങ്ങളില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) തീരുമാനം. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ അനുരഞ്ജന ശ്രമവുമായി മുന്നണി നേതാക്കള്‍ രംഗത്തെത്തി.
ലത്തീന്‍ സമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് വൈപ്പിന്‍. വൈപ്പിന്‍, കടമക്കുടി, മുളവ്കാട് പ്രദേശങ്ങളിലായി 56 ശതമാനം വോട്ടാണ് ലത്തീന്‍ സമുദായത്തിനുള്ളത്. സിറ്റിങ് എംഎല്‍എ ഇടത്മുന്നണിയിലെ എസ് ശര്‍മയും യുഡിഎഫിലെ കെ ആര്‍ സുഭാഷുമാണ് വൈപ്പിനില്‍ മല്‍സരിക്കുന്നത്. ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് കെഎല്‍സിഎ വിക്ടര്‍ മരയ്ക്കാശ്ശേരിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
നിലവില്‍ കെഎല്‍സിഎ വരാപ്പുഴ അതിരൂപത എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് വിക്ടര്‍ മരയ്ക്കാശ്ശേരി. കെഎല്‍സിഎയെ അനുനയിക്കിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്തെത്തിയിട്ടുണ്ട്. വി എം സുധീരനുമായി ഇന്നലെ രാവിലെ ആലുവ ഗസ്റ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സുധീരന്‍ ഉറപ്പ് നല്‍കിയതായി കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് പറഞ്ഞു. ഇടതു നേതാക്കളുമായും ഇവര്‍ ചര്‍ച്ച നടത്തി.
സമുദായത്തിന് അര്‍ഹമായ പരിഗണന ലഭിക്കുക, സമൂദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കുക, തീരദേശ നിയന്ത്രണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെഎല്‍സിഎ സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നത്. എന്നാല്‍, വൈപ്പിനില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് ഇരുമുന്നണികളും പ്രശ്‌നപരിഹാരത്തിന് വാഗ്ദാനവുമായി കെഎല്‍സിഎ നേതൃത്വത്തെ സമീപിച്ചത്.
പ്രശ്‌നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂര സിദ്ധാന്തത്തിലൂന്നിയാണ് ലത്തീന്‍ സമുദായം മുന്‍കാലങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നത്. എല്‍ഡിഎഫും യുഡിഎഫും നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അടുത്ത ദിവസം ചേരുന്ന രൂപതാ സെക്രേട്ടറിയറ്റില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അഡ്വ. ഷെറി ജെ തോമസ് പറഞ്ഞു.
മണ്ഡലത്തിലെ രാഷ്ട്രീയചരിത്രം മാറ്റിമറിക്കുന്നതില്‍ നിര്‍ണായക സ്വാധീനമുള്ള ലത്തീന്‍ സമുദായത്തിന്റെ തീരുമാനം വൈപ്പിനില്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്.
Next Story

RELATED STORIES

Share it