ernakulam local

വൈപ്പിനില്‍ അപ്രഖ്യാപിത പവര്‍കട്ട് ജനങ്ങളെ വലയ്ക്കുന്നു

വൈപ്പിന്‍: വൈപ്പിനില്‍ പതിവായി ഉണ്ടാകുന്ന അപ്രഖ്യാപിത പവര്‍കട്ട് ജനങ്ങളെ വലയ്ക്കുന്നു. പകല്‍ പല സമയങ്ങളിലായാണ് മണിക്കൂറുകളോളം വൈദ്യുതി പോകുന്നത്. സ്ഥിരമായി വൈദ്യുതി തടസ്സപ്പെടാന്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ക്കിടയില്‍ ഇത് ചര്‍ച്ചാ വിഷയമാകുന്നത്.
വേനല്‍ കടുത്തതോടെ താപനില കുത്തനേ ഉയരുന്ന സാഹചര്യത്തിലാണ് അപ്രഖ്യാപിത പവര്‍കട്ടും രൂക്ഷമായിരിക്കുന്നത്. കൊടുംവേനലില്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കാതെ ഓഫിസിലായാലും വ്യാപാരസ്ഥാപനങ്ങളിലായാലും ഇരിക്കാന്‍ കഴിയില്ലെന്നിരിക്കെയാണ് ഈ ജനദ്രോഹനടപടി.
വൈദ്യുതി ഇല്ലാത്തതിന്റെ കാരണമറിയാനായി വൈദ്യുതി വകുപ്പ് ഓഫിസിലേക്ക് വിളിച്ചാല്‍ മരച്ചില്ലകള്‍ വെട്ടാനോ അറ്റകുറ്റപണികള്‍ ചെയ്യാനോ ആയി ഫീഡര്‍ ഓഫ് ചെയ്തിരിക്കുകയാണെന്നായിരിക്കും മറുപടി. അല്പം കഴിയുമ്പോള്‍ വരുമെന്നും ആശ്വസിപ്പിക്കും. ഈയിടെയായി രാത്രി കാലങ്ങളിലും വൈദ്യുതി നഷ്ടപ്പെടുന്നുണ്ടെന്നും ജനങ്ങള്‍ക്ക് പരാതിയുണ്ട്.
ഇതുമൂലം ചൂടും കൊതുകുശല്യവും മൂലം ജനങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇന്‍വെട്ടറുകള്‍ ഇല്ലാത്ത സാധാരണക്കാര്‍ക്കാണ് ഏറ്റവും ദുരിതം. കൊച്ചുകുട്ടികള്‍ ഉള്ള വീടുകളിലെ അവസ്ഥ പറയേണ്ടതുമില്ല.
രാത്രി കാലങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസ് പോകുകയോ മറ്റോ ചെയ്താല്‍ വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് വിളിച്ചറിയിച്ചാലും ആളില്ലെന്നും അടുത്ത ദിവസം രാവിലെ തന്നെ ശരിയാക്കാമെന്നുമായിരിക്കും മറുപടി.
വൈദ്യുതി തടസ്സപ്പെടുന്നതു മൂലം ചെറുകിട സ്ഥാപനങ്ങളുടേയും ഓഫീസുകളുടേയും പ്രവര്‍ത്തനം നിലക്കുന്ന സാഹചര്യവുമുണ്ട്.
കെട്ടിടനിര്‍മ്മാണം അടക്കമുള്ള വിവിധ തൊഴില്‍മേഖലകളെ വൈദ്യുതി തടസ്സപ്പെടുന്നത് സാരമായി ബാധിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യുന്ന ജോലികള്‍ വൈദ്യുതി തടസ്സപ്പെടുന്നതുമൂലം നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ തീരാത്തത് വരുമാനത്തെ ബാധിക്കുന്നതു കൊണ്ടും ചൂട് അസഹ്യമാകുന്നതു കൊണ്ടും അന്യ സംസ്ഥാനത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിപ്പോകുന്നുണ്ട്. ഇതും തൊഴില്‍ മേഖലകളെ സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.
വേനല്‍ച്ചൂടിനോടൊപ്പം വൈദ്യുതി ഉപഭോഗം കുത്തനേ ഉയര്‍ന്നതോടെയാണ് അപ്രഖ്യാപിത പവര്‍കട്ട് വേണ്ടി വന്നതെന്നാണ് അനുമാനം. എന്നാല്‍ നഗരപ്രദേശങ്ങളെ ഒഴിവാക്കി നിര്‍ത്തി ഗ്രാമപ്രദേശങ്ങളിലെ സബ്ഡിവിഷനുകള്‍ കേന്ദ്രീകരിച്ചാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും ആരോപണമുയരുന്നുണ്ട്. പലവിധ കാരണങ്ങള്‍ പറഞ്ഞ് ഇത്തരത്തില്‍ വൈദ്യുതി തടസ്സപ്പെടുത്തുന്നതിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി രാഷ്ട്രീയ സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it