ernakulam local

വൈപ്പിനിലെ വാതക സംഭരണിക്കെതിരേയുള്ള സമരം ; പോലിസ് അതിക്രമം പ്രതിഷേധാര്‍ഹം: എസ് ഡിപിഐ



കൊച്ചി: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള കടലോര പ്രദേശമായ പുതുവൈപ്പിനില്‍ ജീവന് ഭീഷണിയായ പടുകൂറ്റന്‍ വാതക സംഭരണിക്കെതിരേ സമരം ചെയ്ത സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെയുള്ള ജനങ്ങള്‍ക്കെതിരേ പോലിസ് നടത്തിയ അതിക്രമം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ്.                  ആറ് പതിറ്റാണ്ട് മുമ്പ് കടല്‍ ഉള്ളിലേക്ക് വലിഞ്ഞ് രൂപപ്പെട്ട ഭൂപ്രദേശമായ പുതുവൈപ്പിനില്‍ കൊച്ചി നഗരത്തെപ്പോലും ചുട്ടെരിക്കാന്‍ ശേഷിയുള്ള എല്‍പിജി സംഭരണിയാണ്  സ്ഥാപിക്കാനൊരുങ്ങുന്നത്.  തികച്ചും ന്യായമായ ഒരു ജനകീയ സമരത്തെയാണ്    പോലിസിനെ ഉപയോഗിച്ച് പിണറായി വിജയന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. മെട്രോ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രിയുടെ കണ്ണുരുട്ടലില്‍ പേടിച്ചാണ് പിണറായി വിജയന്‍ സമരക്കാരെ നേരിടാന്‍ നിര്‍ദേശം നല്‍കിയത്.                        പത്ത് ലക്ഷം ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് തുല്യമായ വാതകം സൂക്ഷിക്കേണ്ടി വരുന്ന സംഭരണി സ്ഥാപിക്കാന്‍ തീരദേശ നിയമങ്ങള്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്.  കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നിയമം ലംഘിച്ചെന്നു മാത്രമല്ല പരിസ്ഥിതി ആഘാത പഠന പ്രകാരം കൊച്ചി നഗരവും റേഡിയസ് പരിധിക്കുള്ളിലാണ് വരുന്നത്.   പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രതിദിനം അഞ്ഞൂറ് ടാങ്കര്‍ ലോറികള്‍ നഗരത്തിലൂടെ കടന്നുപോവുമ്പോള്‍ ഒരു ശതമാനം അപകട സാധ്യതയുണ്ടായാല്‍പ്പോലും കൊച്ചിക്കത് താങ്ങാനാവില്ല.       എസ്ഡിപിഐ ഉള്‍പ്പെടെയുള്ള ജനപക്ഷ സമരങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോവുന്നത്  ജനാധിപത്യ സര്‍ക്കാറിന് ചേര്‍ന്നതല്ല. മുഖ്യധാരാ പാര്‍ട്ടികളുടേയും മാധ്യമങ്ങളുടേയും പിന്തുണയില്ലാതെ നടക്കുന്ന പുതുവൈപ്പ് ഉള്‍പ്പെടെയുള്ള ജനകീയ സമരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.                        യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ താന്നിപ്പാടം, നാസര്‍ എളമന, അജ്മല്‍ കെ മുജീബ്, ഫസല്‍ റഹ്്മാന്‍, ഷെമീര്‍ മാഞ്ഞാലി സംബന്ധിച്ചു.
Next Story

RELATED STORIES

Share it