ernakulam local

വൈപ്പിനിലെ തെക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം

വൈപ്പിന്‍: വൈപ്പിനിലേക്കുള്ള ശുദ്ധജല വിതരണത്തില്‍ വന്‍തോതില്‍ കുറവുവരുത്തിയതോടെ എളങ്കുന്നപ്പുഴ, ഞാറക്കല്‍ പഞ്ചായത്തുകള്‍ ശുദ്ധജല ക്ഷാമത്തിലേക്ക്. വെള്ളം ലഭിക്കാത്തതിനാല്‍ എളങ്കുന്നപ്പുഴയിലെ ഒരു സ്‌കൂളില്‍ കഴിഞ്ഞ ബുധനാഴ്ച ഉച്ചഭക്ഷണം മുടങ്ങി. ഇതേതുടര്‍ന്ന് അടുത്തദിവസം സമീപ വീടുകളില്‍നിന്നും വെള്ളം ശേഖരിച്ചാണ് ഉച്ചക്കഞ്ഞി ഉണ്ടാക്കിയത്.
എളങ്കുന്നപ്പുഴ, എളങ്കുന്നപ്പുഴ കടപ്പുറം, പല്ലമ്പിള്ളി, പുക്കാട്, കര്‍ത്തേടം, ഞാറ—ക്കല്‍ കടപ്പുറം, ആറാട്ടുവഴി എന്നിവിടങ്ങളില്‍ രാത്രികളില്‍ വെള്ളം എത്തുന്നത് നേരിയതോതിലാണ്. ഒരു കുടുംബത്തിനു ഒരു കുടം വെള്ളം പോലും ശേഖരിക്കാന്‍ കഴിയുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ മൂന്നാഴ്ചയായി ഈ സ്ഥിതി തുടരുന്നു. പുതുവൈപ്പ് ടാങ്കിലേക്കുള്ള വെള്ളത്തില്‍ വന്‍തോതില്‍ കുറവുവരുത്തിയതാണ് കാരണം. വെള്ളമില്ലാത്തതിനാല്‍ വൈകീട്ട് അഞ്ചിനുശേഷം ഇവിടെനിന്നും പമ്പ് ചെയ്യാന്‍ കഴിയുന്നില്ല.
ഫോര്‍ട്ട്‌വൈപ്പിന്‍, പുതുവൈപ്പ് ഉള്‍ഭാഗങ്ങളിലും രാത്രിയില്‍ വെള്ളം ലഭിക്കുന്നില്ല. ഒന്നിടവിട്ട ദിവസങ്ങളില്‍ തെക്ക്-വടക്ക് ഭാഗങ്ങളിലേക്കുള്ള പമ്പിങ് രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ്. തെക്കന്‍മേഖലയിലേക്കു പമ്പുചെയ്യുന്ന വെള്ളത്തില്‍ ശേഷിക്കുന്നത് പുലര്‍ച്ചെ രണ്ടുമുതല്‍ വടക്കന്‍മേഖലയിലേക്കു പമ്പു ചെയ്യുകയായിരുന്നു പതിവ്. ഇതേതുടര്‍ന്നു വടക്കന്‍ മേഖലയില്‍ ഹൗസ് കണക്ഷന്‍ എടുത്തിട്ടുള്ളവരുടെ ടാങ്കുകളില്‍ രാവിലെ ആറിനു മുമ്പ് വെള്ളം നിറയും. രാവിലെ ആറു മുതല്‍ പൊതു ടാപ്പുകളില്‍ വെള്ളം സുഗമമായി എത്തിയിരുന്നു. വെള്ളം കുറഞ്ഞതോടെ പുലര്‍ച്ചെ രണ്ടുമുതല്‍ വടക്കന്‍ മേഖലയിലേക്ക് വെള്ളം പമ്പ് ചെയ്യാനാവുന്നില്ല.
വൈപ്പിനിലേക്കു നിശ്ചയിച്ചു നല്‍കിയിരുന്ന വെള്ളം മറ്റു വഴികളിലേക്കു തിരിച്ചു വിട്ടതാണു ഇവിടെ വെള്ളം കുറയാനിടയാക്കിയത്. ഇതു സംബന്ധിച്ചു ജല അതോറിറ്റി വൃത്തങ്ങള്‍ മൗനം പാലിക്കുകയാണ്. പറവൂരില്‍നിന്ന് വെള്ളമെത്തുന്ന നായരമ്പലം പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും ശുദ്ധല ക്ഷാമമുണ്ട്.
Next Story

RELATED STORIES

Share it