kannur local

വൈദ്യുതി വേലിയും ഏശുന്നില്ല; 300ഓളം കുടുംബങ്ങള്‍ കാട്ടാനഭീതിയില്‍

ചെറുപുഴ: രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകളുടെ ചിന്നംവിളിക്കു പുറമെ ആനകള്‍ കൂട്ടത്തോടെ കൃഷിയിടത്തിലേക്ക് എത്തിത്തുടങ്ങിയതോടെ അതിര്‍ത്തി ഗ്രാമങ്ങളിലെ 300ഓളം കുടുംബങ്ങള്‍ ഭീതിയില്‍. വന്യമൃഗ ശല്ല്യം രൂക്ഷമായതോടെ രണ്ടുവര്‍ഷം മുമ്പ് വൈദ്യുതിവേലി സ്ഥാപിച്ചിരുന്നെങ്കിലും ഇതൊന്നും ഫലവത്താവുന്നില്ല.
വൈദ്യുതി വേലി മൂന്നു മാസമാണ് പ്രവര്‍ത്തിച്ചത്.— നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം വേലി ചില സ്ഥലങ്ങളില്‍ തകരുകയും ബാക്കിഭാഗം ആന തകര്‍ക്കുകയും ചെയ്തു.— ആറാട്ട് കടവ് മുതല്‍ ചേന്നാട്ടുകൊല്ലി വരെ 14 കിലോമീറ്റര്‍ നീളത്തിലാണ് വേലി നിര്‍മിച്ചത്.— നിലവാരം കുറഞ്ഞ ബാറ്ററിയാണ് വേലിക്ക് ഉപയോഗിച്ചതെന്നും പരാതി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കാടുകയറി വേലി വൈദ്യുതി വേലി കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്.
ആനകള്‍ വരുമ്പോള്‍ ഉറങ്ങാതെ ഇരുന്ന് ബഹളം വച്ചാണ് നാട്ടുകാര്‍ കൃഷി സംരക്ഷിക്കുന്നത്.—കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പൊന്‍പുഴ, മീന്തുള്ളി, കോഴിച്ചാല്‍, രാജഗിരി, കാനംവയല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരുമാസത്തിലധികമായി ആനകള്‍ ഇറങ്ങാന്‍ തുടങ്ങിയിട്ട്.— കുട്ടിയാന ഉള്‍പ്പെടെ പതിനഞ്ചോളം വരുന്ന കാട്ടാനക്കുട്ടമാണ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ പലപ്പോഴും ആനയുടെ ചിന്നംവിളി ഉയരുന്നതിനാല്‍ തൊഴില്‍ ഉപേക്ഷിച്ച് കുടിലിനും കുടുംബത്തിനും കാവലിരിക്കേണ്ട അവസ്ഥയിലാണ്. ആനകള്‍ക്കു പുറമെ കാട്ടുപന്നി, രാജവെമ്പാല തുടങ്ങിയവയുടെ ആക്രമണങ്ങളും പതിവാണ്.
കാറ്റടിച്ചാല്‍ മറിഞ്ഞുവീഴുന്ന കൂരകളിലാണ് പലരും കഴിയുന്നത്. പ്ലാസ്റ്റിക്കും മുളത്തണ്ടുകളും കൊണ്ട് നിര്‍മിച്ച കുടിലുകളാണ് ഇവിടെയുള്ളത്. ഇത്തരം വീടുകള്‍ കാട്ടാനകളെ ആകര്‍ഷിക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്. മഴക്കാലത്ത് ഇത്തരം കുടിലുകളില്‍ എങ്ങനെ കഴിയുമെന്ന ആശങ്കയുമുണ്ട്.
Next Story

RELATED STORIES

Share it