thrissur local

വൈദ്യുതി വിഭാഗത്തില്‍ പകല്‍കൊള്ളയെന്ന് കുറ്റസമ്മതം

വൈദ്യുതി വിഭാഗത്തില്‍ പകല്‍കൊള്ളയെന്ന് കുറ്റസമ്മതംതൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതിവിഭാഗത്തില്‍ വന്‍ ഉപഭോക്തൃ ചൂഷണവും കൊള്ളയും നടക്കുന്നതായി വകുപ്പ് മേധാവി ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ടി എസ് ജോസ് അധ്യക്ഷനായ ഉപഭോക്തൃ സങ്കട പരിഹാര ഫോറം കണ്ടെത്തി. വൈദ്യുതിവിഭാഗം നിയമപരമായി പിന്തുടരാന്‍ ബാധ്യസ്ഥമായ സപ്ലൈകോഡ് അനുസരിച്ച് കോര്‍പറേഷന്‍ ചിലവില്‍ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കേണ്ട വൈദ്യുതിക്ക് പകരം 680 മീറ്റര്‍ അകലെയുള്ള പോയിന്റില്‍നിന്നും കേബിള്‍ സ്ഥാപിച്ച് നല്‍കാന്‍ എംജി റോഡിലെ വടക്കേമഠം ബ്രഹ്മസ്വം മഠത്തിന് വൈദ്യുതി വിഭാഗം തയ്യാറാക്കി നല്‍കിയ 15,05,599 രൂപയുടെ എസ്റ്റിമേറ്റ് ഫോറം റദ്ദാക്കി. കെട്ടിടത്തിനു മുന്നിലൂടെയുള്ള ലൈനില്‍ നിന്നും നിയമാനുസൃത കണക്ഷന്‍ നല്‍കാനും ഫോറം ഉത്തരവിട്ടു. “നിയമാനുസൃതം’ എസ്റ്റിമേറ്റ് തയ്യാറാക്കി ബ്രഹ്മസ്വം മഠത്തിന് നല്‍കിയ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തന്നെയാണ് നടപടി നിയമാനുസൃതമല്ലെന്നന് കണ്ട് സ്വന്തം ഉത്തരവ് റദ്ദാക്കി വിധി പ്രസ്താവിച്ചതെന്നതാണ് വിരോധാഭാസമായത്.വടക്കേ ബസ് സ്റ്റാന്റിന് സമീപമുള്ള കല്ല്യാണ്‍ സൂപ്പര്‍മാര്‍ക്കറ്റിന് സപ്ലൈകോര്‍ഡ് നിര്‍ദ്ദേശത്തിന് വിരുദ്ധമായി സമാനമായ സാഹചര്യത്തില്‍ വന്‍ തുകയുടെ നിയമവിരുദ്ധ എസ്റ്റിമേറ്റ് നല്‍കിയതു ചൂണ്ടികാട്ടി വന്‍ ഉപഭോക്തൃ ചൂഷണവും കൊള്ളയും നടക്കുന്നതായി ഒരാഴ്ച മുമ്പ് തേജസ് വാര്‍ത്ത നല്‍കിയതാണ്. ആ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും സാധൂകരിക്കുന്നതാണ് ടി എസ് ജോസ് അധ്യക്ഷനും വൈദ്യുതി വിഭാഗത്തിലെ ഭരണവിഭാഗം മേധാവിയായ സീനിയര്‍ സൂപ്രണ്ട് സി ജെ ജോമോനും പൊതുപ്രവര്‍ത്തകന്‍ എ ജി രാജഗോപാലും മെമ്പര്‍മാരായ ഫോറത്തിന്റെ വിധി. ബ്രഹ്മസ്വം മഠം ഫോറം മുമ്പാകെ നല്‍കിയ പരാതി പരിഗണിച്ചായിരുന്നു ഉത്തരവ്.സപ്ലൈകോഡ് അനുസരിച്ച് 1000 കിലോ വാട്ടിലും ഒരുമെഗാവാട്ടിലും താഴെയുള്ള കണക്ഷനുകള്‍ക്കാവശ്യമായ വൈദ്യുതി വൈദ്യുതിലൈന്‍ പോകുന്ന ഏറ്റവും അടുത്ത പോയിന്റില്‍ നിന്നു നല്‍കേണ്ടതാണ്. എം ജി റോഡില്‍ ബ്രഹ്മസ്വം മഠം പണിയുന്ന ഷോപ്പിങ്ങ് മാളിലേക്കു 200 കിലോവാട്ട് വൈദ്യുതിക്കായിരുന്നു അപേക്ഷ. അതിന് കുറുപ്പംറോഡിലെ തിരുവമ്പാടി കണ്‍വെന്‍ഷന്‍ സെന്ററിന്റെ ആര്‍എംയുവില്‍ നിന്നും 680 മീറ്റര്‍ കേബിളിട്ട് കണക്ഷന്‍ നല്‍കാതായിരുന്നു എസ്റ്റിമേറ്റ്. ആദ്യം 27,26,327 രൂപയുടെ എസ്റ്റിമേറ്റാണ് നല്‍കിയതെങ്കിലും ഒന്നുരണ്ട് ഇനങ്ങള്‍ ഒഴിവാക്കി 15,04,999 രൂപയായി പിന്നീട് കുറച്ച് നല്‍കി. എംജിറോഡില്‍ കെട്ടിടത്തിന് മുന്നില്‍ തന്നെ കണക്ഷന്‍ നല്‍കാന്‍ വൈദ്യുതി ഫീസര്‍ ലഭ്യമാണെന്നിരിക്കേ 680 മീറ്റര്‍ ദൂരെനിന്നും വൈദ്യുതി എടുക്കുന്നതു സപ്ലൈ കോഡിന് വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ബ്രഹ്മസ്വം മഠം പരാതി നല്‍കിയത്. ഇരുഭാഗത്തേയും വാദം കേട്ട ഫോറം വൈദ്യുതി വിഭാഗത്തിന്റെ എല്ലാ ന്യായവാദങ്ങളും തള്ളികളഞ്ഞു. സാങ്കേതിക പഠനത്തിന് മൂന്ന് മാസം എടുത്തതിനേയും ഫോറം വിമര്‍ശിച്ചു. ഭാവി ആവശ്യം പരിഗണിച്ചതും ശരിയായ നടപടിയായില്ല. കോര്‍പ്പറേഷന്‍ നടപടിക്രമങ്ങളും ശരിയല്ല. വൈദ്യുതിവിഭാഗം നിര്‍വ്വഹിക്കേണ്ട ചിലവുകള്‍ പരാതിക്കാരുടെ ചിലവില്‍ ചെയ്യിക്കുന്നത് സപ്ലൈകോഡ് 2014ന് വിരുദ്ധമാണെന്നും ഫോറം വിധിച്ചു. നിയമവിരുദ്ധമായി ഈടാക്കിയ അധികനിരക്ക് ഉപഭോക്താക്കള്‍ക്ക് തിരിച്ചുവാങ്ങാനും ഭാവിയിലെ കണക്ഷനുകാര്‍ക്ക് ചൂഷണം അവസാനിപ്പിക്കാനും പര്യാപ്തമാണ് ഫോറം ഉത്തരവ്.
Next Story

RELATED STORIES

Share it