Districts

വൈദ്യുതി മന്ത്രിമാരുടെ സമ്മേളനം ഇന്നു മുതല്‍ കൊച്ചിയില്‍

കൊച്ചി: സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഊര്‍ജ, പാരമ്പര്യേതര ഊര്‍ജ, ഖനി മന്ത്രിമാരുടെ ദ്വിദിന സമ്മേളനം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി കൊച്ചിയിലെ ബോള്‍ഗാട്ടിയിലാണ് സമ്മേളനം നടക്കുന്നത്. കേന്ദ്ര സഹമന്ത്രി പീയുഷ് ഗോയല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഊര്‍ജ മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്ക് പുറമെ ഊര്‍ജോല്‍പാദനം, വിതരണം, പ്രസരണം, കല്‍ക്കരി ഉല്‍പാദനവും വിതരണവും, പാരമ്പര്യേതര ഊര്‍ജവും ഊര്‍ജ സംരക്ഷണവും പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളും സമ്മേളനം ചര്‍ച്ചചെയ്യും. 24 മണിക്കൂറും വൈദ്യുതി നല്‍കുന്ന പദ്ധതിയുടെ സംസ്ഥാന തല രേഖകള്‍ തയ്യാറാക്കല്‍, അവയുടെ നടത്തിപ്പ്, വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളെ ദൗത്യ രീതിയില്‍ വൈദ്യുതീകരിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താപവൈദ്യുത പദ്ധതികള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിലും അനുകൂല ക്രമസമാധാനനില നിലനിര്‍ത്തുന്നതിലും സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കേണ്ട പിന്തുണയും സമ്മേളനം ചര്‍ച്ചചെയ്യും. മന്ത്രിമാര്‍ക്ക് പുറമെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സെക്രട്ടറിമാര്‍, വിതരണ കമ്പനികളുടെയും കേന്ദ്ര ഊര്‍ജ പൊതുമേഖലാ സ്ഥാപനങ്ങളുടെയും മേധാവികള്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it