kannur local

വൈദ്യുതി ബില്ലിനോടൊപ്പം വന്‍തുകയുടെ കുടിശ്ശിക ബില്ല്‌ ; വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു



ചെറുപുഴ: കെഎസ്ഇബി സെക്ഷന്‍ പരിധിയില്‍ വരുന്ന വ്യാപാരികള്‍ക്ക് ഭീമമായ വൈദ്യുതി ബില്‍ നല്‍കിയെന്നു പരാതി. രണ്ടുമാസം കൂടുമ്പോള്‍ 500 രൂപ അടച്ചിരുന്ന വ്യാപാരികളോട് ഈ മാസത്തെ വൈദ്യുതിചാര്‍ജിനു പുറമെ കുടിശിക ഇനത്തില്‍ വന്‍തുക അടയ്ക്കണമെന്നാണ് നിര്‍ദേശിച്ചത്. പലരുടെയും കുടിശ്ശിക ഇനത്തില്‍ 3000 മുതല്‍ 14000 രൂപ വരെ വര്‍ധനയാണ് ബില്ലുകളിലുള്ളത്. ചെറുപുഴയിലെ നിരവധി വ്യാപാരികള്‍ക്കാണ് ഇത്തരത്തില്‍ ബില്ലുകള്‍ ലഭിച്ചിരിക്കുന്നത്. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും വരള്‍ച്ചയും മൂലം പ്രതിസന്ധിയിലായ വ്യാപാരികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് ഇത്. വന്‍തുക അധിക ബില്‍ ലഭിച്ച വ്യാപാരികള്‍ പകച്ചിരിക്കുകയാണ്. അതേസമയം കെഎസ്ഇബി അധികൃതരുടെ നടപടി അംഗീകരിക്കാനാവില്ലെന്നാണ് വ്യാപാരി സംഘടനകളുടെ നിലപാട്. ചെറുപുഴ സെക്ഷന്‍ ഓഫിസിന്റെ പരിധിയില്‍വരുന്ന വ്യാപാരികള്‍ക്കു മാത്രമേ ഇത്തരത്തിലുള്ള ബില്ലുകള്‍ ലഭിച്ചിട്ടുള്ളൂവെന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജെ സെബാസ്റ്റ്യന്‍ പറയുന്നു. ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it