വൈദ്യുതി പ്രതിസന്ധി: രാജി ഭീഷണിയുമായി ജെഡിഎസ് എംഎല്‍എ

ബംഗളൂരു: തന്റെ മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ നിയമസഭാംഗത്വം രാജിവയ്ക്കുമെന്ന് മുതിര്‍ന്ന ജെഡിഎസ് എംഎല്‍എ വൈ എസ് ദത്ത. ചിക്ക്മംഗളൂരു ജില്ലയിലെ കദൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ദത്ത. സ്പീക്കര്‍ക്ക് കൈമാറേണ്ട രാജിക്കത്തുമായിട്ടാണ് അദ്ദേഹം നിയമസഭയിലെത്തിയത്. വൈദ്യുതി പ്രതിസന്ധി കാരണം മണ്ഡലത്തിലെ ജനങ്ങളില്‍നിന്ന് താന്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നതായി രാജിക്കത്ത് ഉയര്‍ത്തിക്കാട്ടി ദത്ത പറഞ്ഞു. ഇങ്ങനെ മുന്നോട്ടുപോവാനാവില്ല.  ജനങ്ങള്‍ വളരെ പരുഷമായിട്ടാണ് പ്രതികരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ തൃപ്തികരമായ നടപടിയെടുത്തില്ലെങ്കില്‍ രാജിവയ്ക്കും. അദ്ദേഹം പറഞ്ഞു. എന്നാല്‍, ദത്തയുടെ രീതി പ്രശ്‌നപരിഹാരത്തിന്റെ മാര്‍ഗമല്ലെന്നും രാജിവച്ചാല്‍ എങ്ങിനെയാണ് പ്രശ്‌നം പരിഹരിക്കപ്പെടുകയെന്നുമായിരുന്നു സ്പീക്കര്‍ കഗോഡു തിമ്മപ്പയുടെ മറുപടി. താന്‍ മുമ്പ് നിരവധി തവണ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ പ്രതികരണമുണ്ടായില്ലെന്നും ദത്ത പറഞ്ഞു. തന്റെ മണ്ഡലത്തിലേക്ക് ഏഴുവര്‍ഷം മുമ്പ് അനുവദിച്ച സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it