Flash News

വൈദ്യുതി നിരക്ക് വര്‍ധന; തീരുമാനം ഉടന്‍



തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്കു മേല്‍ ഇരുട്ടടിയുമായി വൈദ്യുതിനിരക്ക് വര്‍ധന നടപ്പാക്കാന്‍ കെഎസ്ഇബി നീക്കം തുടങ്ങി. യൂനിറ്റിന് 14 പൈസ അധികം ഈടാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കി. ഇതുസംബന്ധിച്ച് നവംബര്‍ എട്ടിന് രാവിലെ 11ന് കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് തെളിവെടുപ്പ് നടത്തും. വിവിധ വിഭാഗം ഉപഭോക്താക്കളുടെ അഭിപ്രായം ആരാഞ്ഞശേഷമാവും റഗുലേറ്ററി കമ്മീഷന്‍ അന്തിമതീരുമാനമെടുക്കുക. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്നു മാസം വൈദ്യുതി വാങ്ങുന്നതിന് ചെലവായ 74.60 കോടി രൂപയുടെ അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. സപ്തംബര്‍ മുതല്‍ മൂന്നു മാസം മുഴുവന്‍ ഉപഭോക്താക്കളില്‍ നിന്നും യൂനിറ്റിന് 14 പൈസ വീതം സര്‍ചാര്‍ജ് ഈടാക്കിയാല്‍ അധിക ബാധ്യത ഒഴിവാക്കാന്‍ കഴിയുമെന്നും ബോര്‍ഡ് അറിയിച്ചു. ജൂണിന് ശേഷമുള്ള മാസങ്ങളിലും അധിക തുകയ്ക്ക് കെഎസ്ഇബി വൈദ്യുതി വാങ്ങിയിട്ടുണ്ട്. ആദ്യം മൂന്നു മാസത്തേക്ക് അനുമതി ലഭിക്കുമ്പോള്‍ അതിന് പിന്നാലെ ഇത് ദീര്‍ഘിപ്പിക്കാനുള്ള അനുമതി തേടി കെഎസ്ഇബി വീണ്ടും റഗുലേറ്ററി കമ്മീഷനെ സമീപിക്കും. കഴിഞ്ഞ ഏപ്രിലില്‍ വൈദ്യുതി നിരക്ക് യൂനിറ്റൊന്നിന് 10 മുതല്‍ 59 പൈസ വരെ കമ്മീഷന്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത ഇരുട്ടടിയുമായി കെഎസ്ഇബി രംഗത്തുവന്നിരിക്കുന്നത്. ഒരുവര്‍ഷം എത്ര വൈദ്യുതി വാങ്ങണമെന്നത് റഗുലേറ്ററി കമ്മീഷനാണ് നിശ്ചയിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടിവരുമ്പോള്‍ അതിനു വന്ന അധികച്ചെലവാണ് സര്‍ചാര്‍ജ് എന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഫ്യുവല്‍ സര്‍ചാര്‍ജ് എന്ന പേരിലാവും ഇത് ഈടാക്കുക. മൂന്നുമാസത്തില്‍ ഒരിക്കലാണ് സര്‍ചാര്‍ജ് ഈടാക്കാന്‍ അനുമതി ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡിന് റഗുലേറ്ററി കമ്മീഷനെ സമീപിക്കാന്‍ കഴിയുക. തുടര്‍ന്നുള്ള മാസങ്ങളിലും വൈദ്യുതി ബോര്‍ഡിന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടിവന്നിട്ടുണ്ട്. ഈ നഷ്ടം പരിഹരിക്കാനും ബോര്‍ഡ് പിന്നാലെ കമ്മീഷനെ സമീപിക്കും.
Next Story

RELATED STORIES

Share it