Kottayam Local

വൈദ്യുതി തടസ്സവും അപകടവും വര്‍ധിക്കുന്നതായി ആക്ഷേപം

വൈക്കം: അശാസ്ത്രീയമായ മോഡല്‍ സെക്ഷന്‍ സമ്പ്രദായം വൈദ്യുതി തടസം പതിവാകുന്നതിനും അപകടങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമെന്ന് ആക്ഷേപം. മോഡല്‍ സെക്ഷന്‍ സമ്പ്രദായത്തിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തിയതോടെ വൈദ്യുതി ലൈനിലുണ്ടായ ചെറിയ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ കാലതാമസം ഉണ്ടാവുന്നുണ്ട്. 22 ലൈന്‍മാന്‍മാര്‍ ഉണ്ടായിരുന്ന വൈക്കത്ത് പുതിയ സമ്പ്രദായം നിലവില്‍ വന്നതോടെ 12 ആയി ചുരുങ്ങി.
സെക്ഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിലെ മെയിന്റനന്‍സ് ജോലികള്‍ക്കായി ഇതില്‍ നിന്നും ആറുപേരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികളും, ടച്ചിങ് വെട്ടലും വഴിപാടായി. ഇതോടെ വൈദ്യുതി തടസ്സവും, വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമായി. വൈദ്യുതി മേഖലയിലുണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ മണിക്കൂറുകളും, ദിവസങ്ങളും വേണ്ടിവരുന്നു.
പുതിയ സമ്പ്രദായം നിലവില്‍ വരുന്നതിന് മുമ്പ് അതാത് പ്രദേശത്തെ ജോലികള്‍ നിര്‍വഹിക്കുന്നതിനായി ഓരോ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. വൈദ്യുതി തടസമുണ്ടായാല്‍ പ്രശ്‌നം പരിഹരിച്ച് വൈദ്യുതി പുന:സ്ഥാപിക്കുകയെന്നതും, ടച്ചിങ് വെട്ടുന്നതും, വൈദ്യുതി ചാര്‍ജ് അടയ്ക്കാത്തവരുടെ കണക്ഷന്‍ വിച്ഛേ ദിക്കുന്നതുമെല്ലാം ഇവരായിരുന്നു നിര്‍വഹിച്ചിരുന്നത്. യഥാസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലും, ടച്ചിങ് വെട്ടാത്തതിനാലും വൈദ്യുതി തടസം പതിവായി. പല മേഖലകളിലും രാപകല്‍ വ്യത്യാസമില്ലാതെ മണിക്കൂറുകളോളമാണ് വൈദ്യുതി തടസപ്പെടുന്നത്. ചില പ്രദേശങ്ങങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമാണ്. വൈദ്യുതി പോസ്റ്റുകള്‍ മറിയുന്നതും ലൈന്‍ പൊട്ടുന്നതും പതിവായതോടെ ഇതുമൂലമുള്ള അപകടങ്ങളും വര്‍ധിച്ചു.
15000 കണക്ഷനാണ് ഒരു സെക്ഷനില്‍ പുതിയ നിയമമനുസരിച്ച് ഉണ്ടാകേണ്ടത്. എന്നാല്‍ വൈക്കം സെക്ഷനില്‍ 25000 കണക്ഷനുകളാണ് നിലവിലുള്ളത്. നഗരസഭ, ടിവി പുരം, ഉദയനാപുരം ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയുള്‍പ്പെടുന്ന വലിയൊരു പ്രദേശത്തെ മെയിന്റനന്‍സ് ജോലികള്‍ നിര്‍വഹിക്കുന്നതിന് രണ്ട് ലൈന്‍മാന്‍മാരും നാലു വര്‍ക്കര്‍മാരും മാത്രമാണ്. ഇതാണ് മറ്റു സെക്ഷനുകളിലെയും അവസ്ഥ.
Next Story

RELATED STORIES

Share it