palakkad local

വൈദ്യുതി ഉല്‍പാദനത്തിന് എല്ലാ വഴികളും തേടും: മന്ത്രി

പാലക്കാട്: വൈദ്യുതി ഉല്‍പാദനത്തിന് എല്ലാ വഴികളും തേടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയുടെ  നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ജലം, കാറ്റ്, സൗരോര്‍ജം, ആണവോര്‍ജം എന്നിവ വഴി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുളള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ട്.  ഈ സാഹചര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി പവര്‍കട്ടില്ലാതെ വൈദ്യുതി വിതരണം ചെയ്യാനാകും.  മഴക്കുറവ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. അത്തരം സന്ദര്‍ഭത്തില്‍ കൂടുതല്‍ വൈദ്യുതി വിലകൊടുത്തു വാങ്ങും. നിലവില്‍ കേരളത്തില്‍ 30 ശതമാനം വൈദ്യുതി മാത്രമേ ഉല്‍പാദിപ്പിക്കുന്നുളളൂ. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ജില്ലയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള  ഭൗതിക സാഹചര്യങ്ങളുണ്ട്. ഇതിനെപ്പറ്റി കൂടുതല്‍ പഠനം നടത്തും. പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുക. വൈദ്യുതോല്‍പാദനത്തിന് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മുന്‍കൈയെടുക്കുന്നത് മാതൃകാപരമാണെന്നും പദ്ധതി ഭാവിയില്‍ വലിയ വരുമാനം നേടിത്തരുമെന്നും മന്ത്രി പറഞ്ഞു.
കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലക്കുഴി പദ്ധതിപ്രദേശത്ത് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി അധ്യക്ഷയായി. പദ്ധതിയുമായി സഹകരിച്ച പ്രദേശവാസികള്‍ക്ക് കെ ഡി പ്രസേനന്‍ എംഎല്‍എ ആദരപത്രം നല്‍കി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ്, കെ ഇ ഇസ്മായില്‍, സി ടി കൃഷ്ണന്‍, ടി എന്‍ കണ്ടമുത്തന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it