വൈദ്യുതി ഇടനാഴി പ്രവര്‍ത്തനം ഫെബ്രുവരിയില്‍ ആരംഭിക്കും: ആര്യാടന്‍

ന്യൂഡല്‍ഹി: കേരളത്തിലേക്ക് 2000 മെഗാവാട്ട് വോള്‍ട്ടേജ് വൈദ്യുതി ഊര്‍ജ ക്ഷമതയോടെ എത്തിക്കാനുള്ള വൈദ്യുതി ഇടനാഴിയുടെ പ്രവര്‍ത്തനം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇതിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്ര ഊര്‍ജമന്ത്രാലയം അംഗീകരിച്ചതായി മന്ത്രി അറിയിച്ചു.
എച്ച്‌വിഡിസി എന്ന ഈ പദ്ധതിയിലൂടെ തമിഴ്‌നാട് വഴി കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാണു തീരുമാനം. കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി പിയൂഷ് ഗോയലുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മന്ത്രി വ്യക്തമാക്കി. ഇതിനായി തൃശൂരില്‍ സ്ഥാപിക്കുന്ന സബ്‌സ്റ്റേഷന്റെ തറക്കല്ലിടല്‍ കര്‍മം ഫെബ്രുവരി 14ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനല്‍, എന്‍ടിപിസി കായംകുളം പ്ലാന്റ് എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു കായംകുളം പ്ലാന്റ് ബ്രഹ്മപുരത്തേക്കു മാറ്റണമെന്നു കേന്ദ്രമന്ത്രിക്ക് നല്‍കിയ നിവേദനത്തി ല്‍ അഭ്യര്‍ഥിച്ചതായി മന്ത്രി വ്യക്തമാക്കി. കായംകുളം പ്ലാന്റ് ഗെയിലിന്റെ ഗ്യാസ് പൈപ്പ്‌ലൈനുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ല.
കെഎസ്ഇബിയുടെ അധീനതയില്‍ ബ്രഹ്മപുരത്ത് നിലവിലുള്ള ഡീസല്‍ പ്ലാന്റിന്റെ സമീപത്തുകൂടിയാണ് ഗെയിലിന്റെ ഗ്യാസ് പൈപ്പ്‌ലൈന്‍ കടന്നുപോവുന്നത്. ബ്രഹ്മപുരം ഡീസല്‍ പ്ലാന്റിന്റെ അടുത്തായി കൊച്ചി എല്‍എന്‍ജി ടെര്‍മിനലുമുണ്ട്. അനുകൂലമായ ഇത്തരം ഘടകങ്ങള്‍ ഉള്ളതിനാലാണ് കായംകുളം പ്ലാന്റ് ബ്രഹ്മപുരത്തേക്കു മാറ്റണമെന്ന് ആവശ്യമുന്നയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കേന്ദ്രമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it