wayanad local

വൈദ്യുതിവേലി പ്രവര്‍ത്തനരഹിതം; കാട്ടാനക്കൂട്ടം നാശം വിതയ്ക്കുന്നു

മേപ്പാടി: മൂപ്പൈനാട് പഞ്ചായത്തില്‍പ്പെട്ട ചെല്ലങ്കോട്, ചോലാടി പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നതു പതിവായി. കുരുമുളക് വള്ളികള്‍, കവുങ്ങ്, വാഴ, തെങ്ങ്, കാപ്പി മുതലായ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കര്‍ഷകര്‍ക്കുണ്ടായത്. തമിഴ്‌നാട്, കേരള വനത്തില്‍ നിന്നാണ് ചോലാടി പുഴകടന്ന് രാത്രികാലങ്ങളില്‍ ആനക്കൂട്ടം നാട്ടിലിറങ്ങുന്നത്.
20 വര്‍ഷം മുമ്പ് പുഴയോരത്ത് കേരള വനംവകുപ്പ് സ്ഥാപിച്ച ഇലക്ട്രിക് ഫെന്‍സിങ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചെല്ലങ്കോട് ചന്ദ്രഗിരി എസ്‌റ്റേറ്റിനുള്ളില്‍ കടന്ന കാട്ടാനക്കൂട്ടം വിളകള്‍ പൂര്‍ണമായി നശിപ്പിച്ചു. ഈ നില തുടര്‍ന്നാല്‍ കാട്ടാനശല്യത്തില്‍ നിന്ന് മോചനമാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനിറങ്ങേണ്ട സ്ഥിതിയുണ്ടാവുമെന്നു നാട്ടുകാര്‍ പറഞ്ഞു. പ്രവര്‍ത്തനക്ഷമമല്ലാതായ ഫെന്‍സിങ് മാറ്റി പുതിയതു സ്ഥാപിക്കണമെന്നാണ് ആവശ്യം.
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പുതിയ കാട്ടാന പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താനും വനംവകുപ്പ് തയ്യാറായില്ലെങ്കില്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിനിറങ്ങുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it