വൈദ്യുതിലൈന്‍ ഗതിമാറ്റിയതിനെതിരേ കാബൂളില്‍ ഹസാര പ്രതിഷേധം; പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഹസാര വിഭാഗക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വൈദ്യുത പദ്ധതിയുടെ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 500 കിലോവാട്ട് വൈദ്യുതിലൈന്‍ ഹസാരകള്‍ക്കു ഭൂരിപക്ഷമുള്ള ബമ്യാന്‍ പ്രവിശ്യയിലൂടെ കടന്നുപോവുന്ന തരത്തില്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. തലസ്ഥാനമായ കാബൂളില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനു ഹസാര വിഭാഗക്കാര്‍ പങ്കെടുത്തു.
ആദ്യഘട്ടത്തില്‍ ബമ്യാന്‍ വഴി കടന്നുപോവുമെന്നു പ്രഖ്യാപിച്ച വൈദ്യുതിലൈന്‍ പിന്നീട് കാബൂളിനു വടക്കുള്ള സലാങ്പാസ് വഴി തിരിച്ചുവിടുമെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ലൈന്‍ വഴിതിരിച്ചുവിടാനുള്ള തീരുമാനം തങ്ങള്‍ക്കു ഭൂരിപക്ഷമുള്ള പ്രവിശ്യയുടെ വികസനത്തെ പിന്നോട്ടുവലിക്കുമെന്നു ഹസാര പ്രക്ഷോഭകര്‍ പറഞ്ഞു. ഹസാര വിഭാഗക്കാര്‍ക്കെതിരായ വിവേചനമാണിതെന്നും അവര്‍ പറഞ്ഞു. തുര്‍ക്‌മെനിസ്താന്‍, ഉസ്‌ബെകിസ്താന്‍, താജികിസ്താന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോവുന്നതാണ് ടിയുടിഎപി പദ്ദതിയുടെ ഭാഗമായ വൈദ്യുതിലൈന്‍. നിലവിലെ സലാങ്പാസ് വഴിയുള്ള ലൈനിന്റെ പ്രവര്‍ത്തനങ്ങളാണു പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ത്തിവച്ചത്.
Next Story

RELATED STORIES

Share it