Idukki local

വൈദ്യുതിലൈനില്‍ നിന്നു ഷോക്കേറ്റ് മൂന്നു മരണം

സ്വന്തം പ്രതിനിധി

അടിമാലി: 11 കെവി വൈദ്യുതിലൈനില്‍ നിന്നു ഷോക്കേറ്റ് ഗര്‍ഭിണിയടക്കം മൂന്ന് ആദിവാസി സ്ത്രീകള്‍ മരിച്ചു. കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയി മടങ്ങിയ മാങ്കുളം പഞ്ചായത്തിലെ ചിക്കണംകുടി ആദിവാസി സെറ്റില്‍മെന്റിലെ സലോമി കുഞ്ഞുമോന്‍ (28), രാജാത്തി മന്നവര്‍ (28), യശോദ തങ്കച്ചന്‍ (16) എന്നിവരാണു മരിച്ചത്.
സലോമി നാലു മാസം ഗര്‍ഭിണിയായിരുന്നു. കൂടെയുണ്ടായിരുന്ന വനിത ശശി (22), ഇവരുടെ മകന്‍ 10 മാസം പ്രായമുള്ള സജിത്, ഓമന (24) എന്നിവര്‍ക്കു പരിക്കേറ്റുAccident Death. വിറകു ശേഖരിച്ച് മടങ്ങുമ്പോള്‍ രാവിലെ 11.30ഓടെ ആറാം മൈല്‍ പാനാപ്പിള്ളി തോടിനു സമീപമാണ് അപകടം. 11 കെവി വൈദ്യുതിലൈനിന്റെ ഇന്‍സുലേറ്റര്‍ ഉരുകി എര്‍ത്ത് വയറിലൂടെ വൈദ്യുതി തറയിലേക്കു പ്രവഹിച്ചതാണ് അപകടകാരണമെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. വയറിലൂടെ പ്രവഹിച്ച വൈദ്യുതി കെട്ടിനിന്ന മഴവെള്ളത്തില്‍ വ്യാപിച്ചു. ഇതറിയാതെ വിറകുകെട്ടുകളുമായെത്തിയ സ്ത്രീകള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിനു കാരണം വൈദ്യുതി ബോര്‍ഡിന്റെ വീഴ്ചയാണെന്ന് ആരോപിച്ചു പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രിയില്‍ വച്ച് അപകടം സംബന്ധിച്ച് പ്രതികരിക്കാന്‍ ശ്രമിച്ച വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ പ്രതിഷേധക്കാര്‍ വിരട്ടിയോടിച്ചു. അടിമാലി എസ്‌ഐ വിക്രമന്റെ നേതൃത്വത്തിലുള്ള പോലിസ് രംഗം ശാന്തമാക്കി. എംഎല്‍എ എസ് രാജേന്ദ്രന്‍, മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫ്, ട്രൈബല്‍ ഓഫിസര്‍ സോമന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
അടിയന്തര ധനസഹായമായി മരിച്ച മൂന്നു പേരുടെയും ബന്ധുക്കള്‍ക്ക് 5000 രൂപ വീതം വൈദ്യുതി ബോര്‍ഡും 10,000 രൂപ വീതം റവന്യൂ വകുപ്പും നല്‍കിയതായി ജില്ലാ കലക്ടര്‍ വി രതീശന്‍ അറിയിച്ചു. സംഭവത്തില്‍ അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു. മരിച്ചവരുടെ മൃതശരീരങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ച യശോദ അവിവാഹിതയാണ്. രാജാത്തിയുടെ ഭര്‍ത്താവ് മന്നവര്‍, സലോമിയുടെ ഭര്‍ത്താവ് കുഞ്ഞുമോന്‍, മകള്‍ ചിന്നു, അച്ഛന്‍ അന്നയ്യന്‍, അമ്മ വള്ളിയമ്മ. യശോദയുടെ അച്ഛന്‍ തങ്കച്ചന്‍, അമ്മ ചിന്നമ്മ, സഹോദരങ്ങള്‍: ശാന്ത, സോമന്‍, ജയരാജന്‍, ചിത്ര, രേവതി.
Next Story

RELATED STORIES

Share it