Idukki local

വൈദ്യുതിമോഷണം; ഒരു വര്‍ഷത്തിനിടെ 178 ക്രമക്കേടുകള്‍

ഇടുക്കി: വൈദ്യുതി വകുപ്പിന്റെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് വാഴത്തോപ്പ് യൂനിറ്റ് നടത്തിയ പരിശോധനകളില്‍ ഒരുവര്‍ഷത്തിനിടെ ജില്ലയില്‍ 178 ക്രമക്കേടുകള്‍ കണ്ടെത്തി. ഇതില്‍ എട്ടെണ്ണം വൈദ്യുതിമോഷണവും 170 വൈദ്യുതി ദുരുപയോഗവുമാണ്.
ആകെ കേസുകളിലായി 2,54,57,545 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ 1,69,11,875 രൂപ പിഴയിനത്തില്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. 2,324 ഇടങ്ങളിലാണു മിന്നല്‍പരിശോധന നടത്തിയത്. ചിത്തിരപുരം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലാണു ജില്ലയില്‍ ഏറ്റവുമധികം ക്രമക്കേടുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, പരിശോധനകള്‍ ശക്തമാക്കിയതോടെ, ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കേസുകളുടെ എണ്ണത്തില്‍ കുറവു വന്നതായാണ് അധികൃതര്‍ പറയുന്നത്.
ജില്ലയിലെ ഗ്രാമീണമേഖലകള്‍ കേന്ദ്രീകരിച്ചാണു വൈദ്യുതിമോഷണവും മറ്റു ക്രമക്കേടുകളും ഏറെയും നടക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. വൈദ്യുതിവകുപ്പിലെ ചില ജീവനക്കാര്‍തന്നെ വൈദ്യുതിമോഷണത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്.
ഹൈറേഞ്ച് മേഖലയില്‍ ചിലയിടങ്ങളില്‍ വൈദ്യുതിലൈനില്‍നിന്നു നേരിട്ടു വൈദ്യുതി എടുക്കുന്ന സംഭവങ്ങളുണ്ട്. വലിയ തോട്ടങ്ങളിലൂടെയും മറ്റും കടന്നുപോകുന്ന വൈദ്യുതിലൈനില്‍ നിന്നു രാത്രികാലങ്ങളിലാണു വൈദ്യുതി മോഷ്ടിക്കുന്നത്. ഇതിനു പുറമേ മീറ്ററില്‍ റീഡിങ് വരാത്തവിധം വീടുകളിലേക്കുള്ള സര്‍വീസ് വയര്‍ ലൂപ്പ് ചെയ്തു വൈദ്യുതി മോഷ്ടിക്കുന്ന വിരുതന്‍മാരുമുണ്ട്. കെട്ടിട നിര്‍മാണ ആവശ്യങ്ങള്‍ക്കായും വൈദ്യുതി ദുരുപയോഗം ചെയ്യുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നവര്‍ മിക്കവരും മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാറില്ലെന്ന് അധികൃതര്‍ പറയുന്നു. സെക്ഷന്‍ ഓഫിസില്‍ മുന്‍കൂട്ടി പണമടച്ച് അനുമതി വാങ്ങിയശേഷമേ ഇത്തരത്തില്‍ വൈദ്യുത ദീപാലങ്കാരങ്ങള്‍ ഒരുക്കാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
വൈദ്യുതിമോഷണവും ദുരുപയോഗവും തടയാന്‍ വരുംദിവസങ്ങളിലും പരിശോധന ഊ ര്‍ജിതമായി തുടരാനാണു സ്‌ക്വാഡിന്റെ തീരുമാനം. വൈദ്യുതിമോഷണത്തെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ 04862235281, 9446008165നമ്പരില്‍ അറിയിക്കണമെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it