kannur local

വൈദ്യുതിക്കമ്പിയില്‍ തൂങ്ങി ഇതരസംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി

തലശ്ശേരി: റെയില്‍വേ സ്‌റ്റേഷനില്‍ വൈദ്യുതി കമ്പയില്‍ തൂങ്ങി നിന്ന് നാട്ടുകാരെയും പോലിസിനെയും അഗ്‌നിശമനാ സേനയെയും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തി ഇതരസംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. ത്രിപുര സ്വദേശി പവന്‍ ദേവ് ബര്‍മ (31) ആണ് യാത്രക്കാര്‍ നോക്കി നില്‍ക്കെ ഇരുപ്ലാറ്റ്‌ഫോമുകള്‍ക്ക് നടുവിലായുള്ള വൈദ്യുതി തൂണ്‍ വഴി കമ്പിയില്‍ കയറി ആത്മഹത്യാ ഭീഷണിയുയര്‍ത്തിയത്. ആദ്യം കയറിയ കമ്പിയില്‍ വൈദ്യുതി കടത്തിവിടാതിരുന്നതിനെ തുടര്‍ന്നാണ് അപായം ഒഴിവായത്. യുവാവിന്റെ കൈവിട്ടകളി കണ്ട റെയില്‍വെ ഉദ്യോഗസ്ഥര്‍ മറ്റു ലൈനിലെ വൈദ്യുതിയും ഓഫ് ചെയ്യുകയുമായിരുന്നു.
റെയില്‍വേ സുരക്ഷാസേന ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ തലശ്ശേരി പോലിസും ഫയര്‍ഫോഴ്‌സിലെ ജീവനക്കാരും ഏറെ നേരം യുവാവിനെ അനുനയിപ്പിക്കാനും താഴെയിറക്കാനും പരിശ്രമിച്ചെങ്കിലും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കണ്ണൂര്‍ യൂനിറ്റില്‍ നിന്ന് വലയുമായി കൂടുതല്‍ ഫയര്‍ഫോഴ്‌സ് സേനയെത്തി ശ്രമം തുടര്‍ന്നു. വൈദ്യുത കമ്പിയില്‍ തൂങ്ങി നിന്നാടിയ യുവാവിന്റെ താഴെ വലയുമായി കാത്തു നിന്നെങ്കിലും യുവാവ് തൊട്ടടുത്ത കമ്പിയിലൂടെ കൈകാലുകള്‍ പിണച്ച് കയറി.
കൈ തളര്‍ന്നതോടെ താന്‍ താഴെയിറങ്ങിയാല്‍ ഉപദ്രവിക്കരുതെന്ന് കൂടി നിന്നവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഈ സമയം കടന്നു പോയ ലിങ്ക് എക്‌സ്പ്രസ് ട്രെയിനിന് മുന്നില്‍ ചാടാനുള്ള യുവാവിന്റെ ശ്രമവും വിഫലമായി. 7 മണിയോടെ ക്ഷീണിതനായ യുവാവ് കൈ തളര്‍ന്നതിനെ തുടര്‍ന്ന് താഴേക്ക് സുരക്ഷിതമായി വലയില്‍ തന്നെ വീണു. ഓടിക്കൂടിയ യാത്രക്കാര്‍ പവന്‍ ദേവ് ബര്‍മയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പോലിസ് തടഞ്ഞു. വലയോടുകൂടി തന്നെ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ തലശ്ശേരി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ഇതിനിടെ കടന്നുപോയ മൂന്ന് തീവണ്ടികള്‍ അല്‍പസമയം വൈകി.—
Next Story

RELATED STORIES

Share it