വൈദ്യസംഘത്തെ അയക്കാന്‍ നിയമതടസ്സം: വനിതാ കമ്മീഷന്‍

നിഷാദ്  എം  ബഷീര്‍

കോട്ടയം: ഡോ. ഹാദിയയുടെ ശാരീരികവും മാനസികവുമായ ആരോഗ്യസ്ഥിതി സംബന്ധിച്ച നിജസ്ഥിതി അറിയുന്നതിന് മെഡിക്കല്‍ സംഘത്തെ അയക്കുന്നതില്‍ നിയമതടസ്സമുണ്ടെന്ന് വനിതാ കമ്മീഷന്‍. ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെത്തുടര്‍ന്ന് അഞ്ചുമാസത്തിലേറെയായി ഡോ. ഹാദിയ വൈക്കം ടിവി പുരത്ത് വീട്ടുതടങ്കലിലാണ്. ശാരീരിക പീഡനങ്ങള്‍ക്കിരയാവുന്നതായി വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ ഹാദിയയെ നേരിട്ട് സന്ദര്‍ശിക്കണമെന്നും മെഡിക്കല്‍ സംഘത്തെ വീട്ടിലേക്ക് അയക്കണമെന്നും ആവശ്യമുയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തെ അയക്കുന്നത് സംബന്ധിച്ച് വനിതാ കമ്മീഷന്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. എന്നാല്‍, സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലും മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ കഴിയുന്നതിനാലും മെഡിക്കല്‍ സംഘത്തെ അയക്കാന്‍ നിയമപരമായി കഴിയില്ലെന്നാണ് എജി അറിയിച്ചതെന്ന് വനിതാ കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. പൊതുസ്ഥലത്ത് നടക്കുന്ന പ്രശ്‌നമായിരുന്നുവെങ്കില്‍ മെഡിക്കല്‍ സംഘത്തെ അയക്കുന്നതിന് തടസ്സമില്ല. എന്നാല്‍, മാതാപിതാക്കളുടെ സംരക്ഷണയില്‍ വീട്ടില്‍ കഴിയുന്ന വ്യക്തിയുടെ അടുക്കലേക്ക് മെഡിക്കല്‍ സംഘം പോവുന്നത് നിയമപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് എജി വിശദീകരിച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയപ്പോഴും എജി ഈ നിലപാടാണ് സ്വീകരിച്ചതെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു. അതേസമയം, ഹാദിയയ്ക്കുമേല്‍ ബാഹ്യ സമ്മര്‍ദങ്ങളുണ്ടാവുന്നില്ലെന്നും ഉപദ്രവമേല്‍ക്കുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിന് സുരക്ഷാ ചുമതലയിലുള്ള വനിതാ പോലിസുകാരുടെ അഭിപ്രായം പ്രത്യേകം എഴുതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖിന് വനിതാ കമ്മീഷന്‍ ഇന്നു കത്ത്് നല്‍കും. സുരക്ഷാ ചുമതലയുള്ള പോലിസുകാരുടെ പേര്, പദവി, അഭിപ്രായം എന്നിവയും പ്രത്യേകം രേഖപ്പെടുത്തണം. അച്ഛന്‍ തന്നെ മര്‍ദിക്കാറുണ്ടെന്ന് ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടിട്ടും പിതാവിന്റെയോ മറ്റുള്ളവരുടെയോ ഭാഗത്തുനിന്ന് ഹാദിയക്ക് ഉപദ്രവമേല്‍ക്കുന്നില്ലെന്നായിരുന്നു വനിതാ കമ്മീഷന് എസ്പി നല്‍കിയ റിപോര്‍ട്ട്. സമാന റിപോര്‍ട്ടാണ് മനുഷ്യാവകാശ കമ്മീഷനും എസ്പി നേരത്തെ നല്‍കിയിരുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്. പോലിസുകാര്‍ വസ്തുതകള്‍ മറച്ചുവച്ച് തെറ്റായ റിപോര്‍ട്ട് നല്‍കിയെന്ന് തെളിഞ്ഞാല്‍ കൃത്യനിര്‍വഹണത്തിലെ വീഴ്ചയായി കണക്കാക്കി അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് കമ്മീഷന്റെ തീരുമാനം.
Next Story

RELATED STORIES

Share it