വൈദ്യശാസ്ത്രത്തിനു വെല്ലുവിളി ഉയര്‍ത്തി 8000 അജ്ഞാതരോഗങ്ങള്‍

കബീര്‍  എടവണ്ണ

ദുബയ്: വൈദ്യശാസ്ത്രത്തിനും ജനങ്ങളുടെ ജീവനും വെല്ലുവിളി ഉയര്‍ത്തുന്ന 8000ത്തോളം അജ്ഞാത രോഗങ്ങളുണ്ടെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ലോകത്തു 17 രോഗികളില്‍ ഒരാള്‍ ഇത്തരം രോഗം ബാധിച്ചവരാെണന്നാണു കണ്ടെത്തല്‍. 450 ദശലക്ഷം അജ്ഞാതരോഗികള്‍ ഇപ്പോള്‍ ലോകത്തുണ്ട്. ഇവരില്‍ 75 ശതമാനവും കുട്ടികളാണ്. രോഗം നിര്‍ണയിക്കാനാവാതെയും ശരിയായ ചികില്‍സ ലഭിക്കാതെയുമാണ് ഇവര്‍ മരിക്കുന്നത്. ഇത്തരത്തിലുള്ള അപൂര്‍വ രോഗങ്ങളുടെ കാരണം കണ്ടെത്താനും രോഗവ്യാപനം തടയുന്നതിനു ഗവേഷണം നടത്താനും എല്ലാ രാജ്യങ്ങളും പ്രത്യേക തുക അനുവദിക്കണമെന്നും ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെടുന്നു.
അതേസമയം ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സ്ഥാപനം നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ അപൂര്‍വരോഗം ബാധിച്ചവര്‍ 7.25 കോടി കവിഞ്ഞതായി വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 20 ലക്ഷത്തില്‍ കൂടുതലാണ് ഇത്തരക്കാര്‍. കേരളത്തില്‍ രണ്ടു വര്‍ഷം മുമ്പ് അപൂര്‍വരോഗങ്ങളെക്കുറിച്ച് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് വേണ്ടി കണക്കെടുപ്പ് നടത്തിയിരുന്നതായി മഞ്ചേരി മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അധ്യാപിക ഡോ. സബിത പറഞ്ഞു.
ഇന്ത്യയില്‍ ക്ഷയരോഗം പോലുള്ള പകര്‍ച്ചവ്യാധികള്‍ പോലും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്തരം അജ്ഞാതരോഗങ്ങള്‍ കൂടുതല്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നു പശ്ചിമേഷ്യയിലെ പ്രമുഖ കണ്‍സള്‍ട്ടന്റ് വൈറോളജിസ്റ്റായ ഡോ. നിഷി സിങ് ശ്രീവാസ്തവ പറഞ്ഞു.
പരിസ്ഥിതി മലിനീകരണം കൊണ്ടും ഭക്ഷണത്തിലെ വിഷം കാരണവും ഉണ്ടാവുന്ന അര്‍ബുദരോഗം തടയാന്‍ പിന്തുണ ലഭിക്കുന്നില്ലെന്നും ഡോ. നിഷി വ്യക്തമാക്കി.
Next Story

RELATED STORIES

Share it