kozhikode local

വൈദ്യര്‍ അക്കാദമി ഉപകേന്ദ്രം നാദാപുരത്ത്‌

നാദാപുരം: സാംസ്‌കാരിക വകുപ്പിന് കീഴില്‍ മലപ്പുറം കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ ആദ്യത്തെ ഉപകേന്ദ്രം നാദാപുരത്ത് സ്ഥാപിക്കാന്‍ ശ്രമം തുടങ്ങി. ഇന്നലെ കല്ലാച്ചിയില്‍ എത്തിയ സാംസ്‌ക്കാരിക  മന്ത്രി എ കെ ബാലനുമായി ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഹമ്മദ് പുന്നക്കല്‍, മണ്ഡലം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി കുഞ്ഞി കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി വി കുഞ്ഞി കൃഷ്ണന്‍, മാപ്പിളകലാ അക്കാദമി  ജില്ലാ പ്രസിഡണ്ട് എം കെ അഷ്‌റഫ് എന്നിവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. നാദാപുരം അതിഥി മന്ദിരത്തിനു സമീപം മരാമത്ത് വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് ഈ കേന്ദ്രംപണിയാന്‍ ആലോചനയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സ്ഥലം അളന്ന് വിശദമായ റിപ്പോര്‍ട്ട് മരാമത്ത് വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മാപ്പിള കലകളുടെ അഭിവൃദ്ധി ലക്ഷ്യമാക്കിയാണ് കേന്ദ്രം സ്ഥാപിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും വൈദ്യര്‍ അക്കാദമിയുടെ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ കേന്ദ്രമാണ് നാദാപുരത്ത് വരുന്നത്. മറ്റു ജില്ലകളിലും കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it