wayanad local

വൈത്തിരിയിലെ ഓവുചാല്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം: എസ്ഡിപിഐ

കല്‍പ്പറ്റ: വൈത്തിരി ടൗണില്‍ ദേശീയപാതയില്‍ നടക്കുന്ന ഓവുചാല്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആവശ്യത്തിനു തൊഴിലാളികളെ പോലും നിയോഗിക്കാതെ ആഴ്ചകളായി നടക്കുന്ന ഓവുചാല്‍ നിര്‍മാണം യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ ദിവസം ചുണ്ടേല്‍ ടൗണ്‍ വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ അലംഭാവം തുടരുകയാണ്. ബസ്സ്റ്റാന്റിനോട് ചേര്‍ന്നാണ് ഓവുചാല്‍ നിര്‍മാണം. വയനാട്ടില്‍ നിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള സുപ്രധാന പാതയായ ദേശീയപാത 212 സ്തംഭിക്കുന്നതോടെ നിരവധി യാത്രക്കാരാണ് വഴിയില്‍ കുടുങ്ങുന്നത്.
ദീര്‍ഘദൂരയാത്രക്കാര്‍ക്ക് തീവണ്ടിയും വിമാനവും നഷ്ടപ്പെടാതിരിക്കാനുള്ള പരക്കംപാച്ചില്‍ നിത്യസംഭവമാണ്. ചിലര്‍ ചുണ്ടേല്‍ ജുമാമസ്ജിദിന്റെ മുന്‍വശത്ത് കൂടി തളിമല വഴി വൈത്തിരിയിലെത്തുന്ന ബദല്‍പാത ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഒരു കിലോമിറ്റര്‍ അധികം യാത്ര ചെയ്താലും വൈത്തിരി വൈഎംസിഎ റോഡിലൂടെ വൈത്തിരിയില്‍ എത്താമെന്നതും ഗുണകരമാണ്.
ഈ റൂട്ടുകള്‍ അറിയാത്തവരാണ് നടുറോഡില്‍ ഏറെനേരം കുടുങ്ങുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിന് എസ്ഡിപിഐ രംഗത്തിറങ്ങുമെന്നു യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി, ജനറല്‍ സെക്രട്ടറി എന്‍ ഹംസ, സെക്രട്ടറി അഡ്വ. കെ എ അയൂബ്, വൈസ് പ്രസിഡന്റ് ഇ ഉസ്മാന്‍, സെക്രട്ടറിമാരായ ജമീല, സമദ് പിലാക്കാവ്, ഖജാഞ്ചി ടി പോക്കര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it