വൈഗൂര്‍ നേതാവിന് വിസ: ഇന്ത്യയുടെ നടപടിയില്‍ ചൈനയ്ക്ക് അതൃപ്തി

ബെയ്ജിങ്: ചൈനയില്‍ നിന്നു നാടുകടത്തപ്പെട്ട വിമതനേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വൈഗൂര്‍ നേതാവ് ദോല്‍കുന്‍ ഇസയ്ക്ക് ഇന്ത്യ വിസ നല്‍കിയതില്‍ ചൈനയ്ക്ക് അസംതൃപ്തി.
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന പാകിസ്താനിലെ ജയ്‌ശേ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിനെ അന്താരാഷ്ട്ര തീവ്രവാദിയാക്കി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ തടഞ്ഞ ചൈനയ്ക്ക് നടപടി തിരിച്ചടിയാണ്. മസ്ഊദ് അസ്ഹറിനെ തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നു പറഞ്ഞാണ് ഇന്ത്യയുടെ ശ്രമങ്ങള്‍ യുഎന്നില്‍ ചൈന തടഞ്ഞത്. ഏപ്രില്‍ 28 മുതല്‍ മെയ് 1 വരെ ധര്‍മശാലയിലാണ് തിബത്തന്‍ സമ്മേളനം നടക്കുന്നത്. ചൈനയിലെ മുസ്‌ലിം ന്യൂനപക്ഷമാണ് വൈഗൂറുകള്‍.
ചൈനയ്ക്കു പുറത്തു പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വൈഗൂര്‍ കോണ്‍ഗ്രസ്സിന്റെ (ഡബ്ല്യൂയുസി) നേതാവായ ഇസയെ തീവ്രവാദിയെന്നാണു ചൈന മുദ്രകുത്തിയിരിക്കുന്നത്. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയുടെ മോചനത്തിനായാണ് ഡബ്ല്യൂയുസി പ്രവര്‍ത്തിക്കുന്നത്. ഇസ ഇപ്പോള്‍ ജര്‍മനിയിലാണുള്ളത്.
ചൈനീസ് പോലിസിന്റെയും ഇന്റര്‍പോളിന്റെയും ചുവന്ന പട്ടികയിലുള്ള തീവ്രവാദിയാണ് ഇസയെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുയ ചുനയിങ് ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. നടപടിയില്‍ അതൃപ്തിയറിയിച്ച ചൈന തീവ്രവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണെന്നും പ്രസ്താവിച്ചു.
തനിക്ക് വിസ ലഭിച്ചതായി ഇന്നലെ ഇസ എന്‍ഡിടിവിയോട് സ്ഥിരീകരിച്ചു. എന്നാല്‍ ധര്‍മശാലയിലേക്കു വരുന്ന കാര്യം തീരുമാനിച്ചിട്ടില്ല. 1997ലാണ് ചൈന തന്നെ ഇന്റര്‍പോള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. മിക്ക രാജ്യങ്ങളും ഇതു തള്ളി.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നതിനാല്‍ അവിടെ താന്‍ അറസ്റ്റ് ചെയ്യപ്പെടില്ലെന്നാണു വിശ്വസിക്കുന്നത്- ഇസ പറഞ്ഞു. തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമയോട് ഇന്ത്യ തുടര്‍ന്നുവരുന്ന നയങ്ങളില്‍ എതിര്‍പ്പുള്ള ചൈനയ്ക്ക് തിബത്തന്‍ യോഗത്തിന് ഇന്ത്യ വേദിയായതിലും ഉത്കണ്ഠയുണ്ട്.
Next Story

RELATED STORIES

Share it