Kottayam Local

വൈക്കത്ത് പൊതുശ്മശാനം ഉദ്ഘാടനം ഇന്ന്‌



വൈക്കം: ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച നഗരസഭാ പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും. പൊതുശ്മശാനം തുറക്കണമെന്നത് വൈക്കത്തുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. നഗരസഭ 11ാം വാര്‍ഡില്‍ 2006ല്‍ നിര്‍മാണം ആരംഭിച്ച് 2009 ആഗസ്തില്‍ ഉദ്ഘാടനം നടത്തിയ പൊതുശ്മശാനത്തിനാണ് ഇപ്പോള്‍ രക്ഷാ മാര്‍ഗമൊരുങ്ങിയത്. വൈക്കം, കടുത്തുരുത്തി മേഖലകളിലെങ്ങും തന്നെ ഇപ്പോള്‍ മൃതദേഹം ദഹിപ്പിക്കുന്ന പൊതുശ്മശാനമില്ല. സമീപ പ്രദേശങ്ങളെന്ന നിലയില്‍ തൃപ്പൂണിത്തുറയിലും കോട്ടയത്തും മാത്രമാണുള്ളത്. കെ ചന്ദ്രന്‍പിള്ളയുടെ എംപി ഫണ്ടില്‍ നിന്ന് 10 ലക്ഷവും നഗരസഭയുടെ 15 ലക്ഷവും മുടക്കി 2006ല്‍ അഡ്വ. പി കെ ഹരികുമാര്‍ ചെയര്‍മാനായിരുന്നപ്പോഴാണ് സ്മശാനത്തിന്റെ നിര്‍മാണജോലികള്‍ ആരംഭിച്ചത്. ഡംപിങ് യാര്‍ഡിനു വേണ്ടി വാങ്ങിയ സ്ഥലത്തെ 50 സെന്റ് ഭൂമിയിലാണ് ശ്മശാനം പണിതീര്‍ത്തത്. നിര്‍മാണ ജോലികള്‍ ആരംഭിച്ചപ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വാങ്ങാന്‍ നഗരസഭ തയ്യാറായില്ല. പിന്നീട് ഉദ്ഘാടന സമയത്ത് ഇതിനു വേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തിയെങ്കിലും മലിനീകരണ ബോ ര്‍ഡ് വഴങ്ങിയില്ല. ഇതു തന്നെയാണ് ഉദ്ഘാടനം നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശ്മശാനത്തിന്റെ പ്രവര്‍ത്തനത്തിനു തടസ്സമായത്. കൂടാതെ സമീപവാസി ശ്മശാനം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉയരുന്ന പുക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിച്ചതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. ഇതിനു പരിഹാരമായി പുക ഉയരുന്ന കുഴലില്‍ മോട്ടോര്‍ ഘടിപ്പിച്ച് പുക കൂടുതല്‍ ഉയരത്തിലേക്ക് പുറന്തള്ളാനുള്ള മാര്‍ഗം ഒരുക്കി. ഇതിനു ശേഷം മലിനീകരണ നിയന്ത്രണ ബോ ര്‍ഡിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. മലിനീകരണ ബോര്‍ഡിന്റെ അനുമതി ഉടന്‍ ലഭിക്കുമെന്നും ശ്മശാനം പ്രവര്‍ത്തനക്ഷമ മാവുമെന്നും അധികാരികള്‍ പറഞ്ഞെങ്കിലും നടന്നില്ല. പുതിയ ഭരണസമിതി വന്നപ്പോള്‍ ശ്മശാനത്തെ പ്രവര്‍ത്തന ക്ഷമമാക്കാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ഫയല്‍ കാണാതായി. പോലിസ് രംഗത്തിറങ്ങിയതോടെയാണു കാണാതായ ഫയല്‍ തിരികെ ലഭിച്ചത്.ശ്മശാനം പുതുക്കിപ്പണിയണമെങ്കില്‍ മാവേലിക്കരയിലുള്ള പിഡബ്ല്യുഡി എന്‍ജിനീയറിങ് വിഭാഗത്തിന്റെ അനുവാദം വാങ്ങണമായിരുന്നു. ഇതിനെല്ലാം കാലതാമസം നേരിട്ടത് ശ്മശാനത്തിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകി. മലിനീകരണ ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമാണ് ശ്മാശനത്തിന്റെ പുനര്‍നിര്‍മാണത്തിന് നഗരസഭ 33 ലക്ഷം രൂപ വകയിരുത്തിയത്. ഇതിന്റെ പണികളും പൂര്‍ത്തീകരിച്ചാണ് ഇപ്പോള്‍ ഉദ്ഘാടനത്തിനു തയ്യാറായിട്ടുള്ളത്. ഇന്നലെ നടന്ന പൊതുശ്മശാനം പരീക്ഷണ പ്രവര്‍ത്തനം വിജയകരമായിരുന്നു. ഇന്നു വൈകീട്ട് 4.30ന് നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ശ്മശാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ എ സി മണിയമ്മ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മല ഗോപി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരാദേവി, ബിജു കണ്ണേഴത്ത്, ജി ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ അഡ്വ. വി വി സത്യന്‍, ഷിബി സന്തോഷ്, ശ്രീകുമാരി യു നായര്‍, നഗരസഭ സെക്രട്ടറി എസ് ബിജു സംസാരിച്ചു.
Next Story

RELATED STORIES

Share it