Kottayam Local

വൈക്കത്ത് തെങ്ങോലകള്‍ക്ക് പ്രിയമേറുന്നു



വൈക്കം: തേങ്ങയ്‌ക്കൊപ്പം ഓല മടലുകള്‍ക്കും ഡിമാന്റേറുന്നത് നാളികേര കര്‍ഷകരെ സന്തോഷത്തിലാക്കുന്നു. വിനോദ സഞ്ചാരികളായി നാട്ടിന്‍പുറങ്ങളിലെത്തുന്ന വിദേശികള്‍ക്കും ഉത്തരേന്ത്യക്കാര്‍ക്കും ഏറ്റവും ഇഷ്ടം ഓലമടലുകളാല്‍ സമ്പുഷ്ടമായ കുടിലുകളില്‍ കിടന്നുറങ്ങുന്നതാണ്. കള്ളു ഷാപ്പുകളിലും ഓല മേഞ്ഞ ഷെഡ്ഡുകള്‍ സജീവമാണ്. വൃദ്ധരായ വീട്ടമ്മമാര്‍ ഇതു മെടഞ്ഞു കഴിയുമ്പോള്‍ വിലയ്ക്കു വാങ്ങാന്‍ നിരവധി ആളുകളാണ് എത്തുന്നത്. ഇതു നാളികേര മേഖലയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. വിദേശികളായ വിനോദ സഞ്ചാരികള്‍ ശീതീകരിച്ച മുറികളേക്കാളും ഇഷ്ടപ്പെടുന്നത് പ്രകൃതിരമണീയമായ കാലാവസ്ഥയാണ്. ആരംഭത്തില്‍ കുമരകത്തെ അപൂര്‍വം ചില റിസോര്‍ട്ടുകളില്‍ ഓല കൊണ്ടു തീര്‍ത്ത മുറികള്‍ ഉണ്ടായിരുന്നു. ഇതിലെ താമസം യുഎസ്എ, ജര്‍മനി, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇതോടെ മറ്റ് റിസോര്‍ട്ടുകളിലും ഓലയില്‍ തീര്‍ത്ത മുറികള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ ആവശ്യത്തിനു മടഞ്ഞ ഓല കിട്ടാതെ വന്നതോടെ പലരും പരക്കം പായാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് വൈക്കത്തിന്റെ പല ഭാഗങ്ങളിലും നിന്നും ഇല്ലാതായികൊണ്ടിരുന്ന ഓല മടച്ചില്‍ സജീവമായി. തലയാഴം, ടിവി പുരം, വെച്ചൂര്‍, തോട്ടകം, ഉല്ലല, കൊതവറ, മുണ്ടാര്‍ ഭാഗങ്ങളിലാണ് ഇപ്പോള്‍ ഓല മടഞ്ഞ് പലരും കാശുവാരുന്നത്. വരും നാളുകളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഈ തൊഴില്‍ വ്യാപിക്കും. ബാറുകള്‍ പൂട്ടിയതോടെ തിരക്കേറിയ കള്ളുഷാപ്പുകളിലും ഇപ്പോള്‍ ഓല മടഞ്ഞ മുറികള്‍ ഉയരുകയാണ്. നാളികേരത്തിന്റെ വിലയേറിയതിനേക്കാള്‍ കൂടുതല്‍ ആദായം ഓലമടലിലൂടെ ലഭിക്കുന്ന സാഹചര്യമാണിപ്പോള്‍. മുന്‍കാലങ്ങളില്‍ ഓല മടഞ്ഞ വീടുകളായിരുന്നു ഗ്രാമീണ മേഖലകളില്‍ അധികവും. പിന്നീട് ഓല ഓടിനും കോണ്‍ക്രീറ്റിനും വഴിമാറി. ഇതിനുശേഷം മീനമാസത്തില്‍ നടക്കുന്ന സൂര്യപൂജക്കാണ് തെങ്ങോലകള്‍ ഉപയോഗിച്ചിരുന്നത്. ഇതിനെല്ലാം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റത്തിന് ഈ പരമ്പരാഗത മേഖല കടപ്പെട്ടിരിക്കുന്നത് വിദേശികളായ വിനോദ സഞ്ചാരികളോടാണ്. വിദേശികളുടെ ഈ പ്രേമം മലയാളികളും അനുവര്‍ത്തിക്കുകയാണ്. ആയുര്‍വേദത്തില്‍ ഓലപ്പുരകളിലെ ഉറക്കം ഗുണകരമാണെന്ന് അടിവരയിടുന്നു.
Next Story

RELATED STORIES

Share it