Kottayam Local

വൈക്കം വിജയലക്ഷ്മി പറന്നുയരുന്നത് ലോകത്തിന്റെ നെറുകയിലേക്ക്: സംവിധായകന്‍ കമല്‍



വൈക്കം: എം ജയചന്ദ്രന്‍ സംഗീതസംവിധാനം ചെയ്ത പാട്ടുപാടി തുടങ്ങിയ വൈക്കം വിജയലക്ഷ്മി പറന്നുയരുന്നത് ലോകത്തിന്റെ നെറുകയിലേക്കാണെന്ന് സിനിമ സംവിധായകന്‍ കമല്‍. സംഗീതലോകത്ത് മൂന്നുപതിറ്റാണ്ട് പിന്നിട്ട വിജയലക്ഷ്മിയുടെ പേരിലുള്ള സംഗീതോല്‍സവത്തില്‍ എം ജയചന്ദ്രന് വിജയലക്ഷ്മിയുടെ കുടുംബക്ഷേത്രത്തിന്റെ പേരിലുള്ള നാഗചാമുേശ്വരി സംഗീതരത്‌ന പുരസ്‌കാരം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരന്റെ വലിയ കൃപ കിട്ടിയ വൈക്കം വിജയലക്ഷ്മി വൈക്കത്തിന് അഭിമാനമാണ്. മലയാളിയുടെ മനസിലേക്ക് ആഴ്ന്നിറങ്ങിയ ഒട്ടേറെ പാട്ടുകള്‍ക്ക് ഈണം നല്‍കിയ ജയചന്ദ്രന്‍ മലയാള സിനിമാലോകത്തിന് പ്രിയപ്പെട്ടവനായി മാറിയെന്നും കമല്‍ പറഞ്ഞു. സംഗീത ലോകത്ത് സിദ്ധിവൈഭവം കൊണ്ട് ഉന്നതങ്ങളിലേക്ക് ഉയരുന്ന വൈക്കം വിജയലക്ഷ്മി ചെറിയപ്രായത്തില്‍ തന്നെ ഡോക്ടറേറ്റ് നേടിയത് വലിയ ബഹുമതിയാണെന്ന് എം ജയചന്ദ്രന്‍ പറഞ്ഞു. സി കെ ആശ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രോഹിണിക്കുട്ടി അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകരായ ആചാര്യ ആനന്ദ് കൃഷ്ണ, കെ ജി വിജയകുമാര്‍, വൈക്കം വിജയലക്ഷ്മി, വിജയലക്ഷ്മിയുടെ അച്ഛന്‍ വി മുരളീധരന്‍, അമ്മ വിമല സംസാരിച്ചു. വൈക്കം വിജയലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഥമ ചികില്‍സ സഹായമായ രണ്ട് ലക്ഷം രൂപയും വീല്‍ചെയറും നിര്‍ധന കുടുംബാംഗമായ ആന്‍ഡ്രൂസിന് എംഎല്‍എ കൈമാറി.
Next Story

RELATED STORIES

Share it