Kottayam Local

വൈക്കം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

വൈക്കം: താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായതോടെ  ദിനംപ്രതി എത്തുന്ന ആയിരക്കണക്കിന് രോഗികള്‍ വലയുന്നു. കോടിക്കണക്കിന് രൂപയുടെ വികസന പ്രവൃത്തികള്‍ ഇവിടെ അരങ്ങേറുമ്പോഴാണ് ജീവനക്കാരുടെ പിടിപ്പുകേടില്‍ രോഗികള്‍ വലയുന്നത്. താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്നെല്ലാം ആവശ്യമുയര്‍ത്തുന്നവര്‍ ആദ്യം ചിന്തിക്കേണ്ടത് രോഗികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ആശുപത്രി എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചായിരിക്കണമെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രോഗികള്‍ക്ക് ഫലപ്രദമായ രീതിയില്‍ ചികില്‍സ നടത്തുന്ന ജീവനക്കാരും ചില ഡോക്ടര്‍മാരും ഇവിടെയുണ്ട്.
എന്നാല്‍ ഇവരുടെയെല്ലാം ആത്മാര്‍ത്ഥമായ സേവനങ്ങളെ അട്ടിമറിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തുന്ന ചിലരുടെ ചെയ്തികളാണ് ആശുപത്രിക്ക് ദോഷമായി ഭവിച്ചിരിക്കുന്നത്. ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട നഗരസഭ അധികാരികള്‍ കഴിഞ്ഞ കുറച്ചുകാലമായി അലംഭാവമാണ് പുലര്‍ത്തുന്നത്. ആശുപത്രിയുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത് എച്ച്എംസിയാണ്. മാസത്തില്‍ ഒരുതവണയെങ്കിലും ഇവര്‍ യോഗം ചേര്‍ന്ന് ആശുപത്രിയുടെ കാര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. എന്നാല്‍ ഇപ്പോള്‍ യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. ജീവനക്കാര്‍ കാണിക്കുന്ന കൊള്ളരുതായ്മകള്‍ ആശുപത്രി അധികാരികള്‍ മറച്ചുവെക്കും.
പലപ്പോഴും നിര്‍ധനരായ രോഗികള്‍ ഇതുസംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയാലും സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ഇവരെ അവഗണിക്കുകയാണ്. കഴിഞ്ഞയാഴ്ച  വികലാംഗനായ ലോട്ടറി തൊഴിലാളിയുടെ രണ്ടുവയസ്സുകാരിയുടെ കൈയ്യിലെ പ്ലാസ്റ്റര്‍ പകുതി നീക്കം ചെയ്തതിനുശേഷം ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് ജീവനക്കാരി സ്ഥലം വിട്ടു. ഇതുപോലുള്ള സംഭവങ്ങളെപോലും ന്യായീകരിക്കുന്ന സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലുള്ളത്. ചില ജീവനക്കാര്‍ കാണിക്കുന്ന ജനദ്രോഹ നിലപാടുകള്‍ ആശുപത്രിക്കും ഇതിനെ നിയന്ത്രിക്കുന്ന നഗരസഭക്കുമാണ് കളങ്കമുണ്ടാക്കുന്നത്.
അതുപോലെ തന്നെയാണ് കാലങ്ങളായി ഇവിടെ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ അവസ്ഥയും. ലക്ഷങ്ങള്‍ മുടക്കി പൂര്‍ത്തിയാക്കുന്ന പല പദ്ധതികള്‍ക്കും വെളിച്ചം വീഴുന്നില്ല. ആധുനിക രീതിയിലുള്ള ചികില്‍സാസൗകര്യങ്ങള്‍ ആരംഭിക്കാന്‍ പാകത്തിലുള്ള കെട്ടിടങ്ങള്‍ എല്ലാം ഇവിടെയുണ്ട്. മോര്‍ച്ചറിയുടെ അവസ്ഥയാണ് ഏറെ പരിതാപകരം. ഏതുനിമിഷം നിലംപതിക്കാവുന്ന അവസ്ഥയിലാണ് കെട്ടിടം. ചില സമയങ്ങളില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിച്ചുകീറിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തിരമായി മോര്‍ച്ചറി പുനര്‍നിര്‍മിക്കുമെന്ന് അധികാരികള്‍ മറുപടിയുമായി രംഗത്തെത്തും.
എന്നാല്‍ പിന്നീടിത് കടലാസില്‍ ഒതുങ്ങിപ്പോകും. നൂറുകണക്കിന് രോഗികളെ കിടത്തി ചികില്‍സിക്കുന്ന ആശുപത്രി കെട്ടിടവും അത്യാസന്ന നിലയിലാണ്. ഈ കെട്ടിടമാണ് അടിയന്തിരമായി പുനര്‍നിര്‍മിക്കേണ്ടത്. മഴ പെയ്താല്‍ ചോര്‍ച്ച പതിവാണ്. ചില സമയങ്ങളില്‍ കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീഴാറുമുണ്ട്. ഇങ്ങനെയും രോഗികള്‍ക്ക് പരുക്കേറ്റ സംഭവങ്ങളുമുണ്ട്. ജില്ലയിലെ തന്നെ ഒരു ദിവസം ഏറ്റവുമധികം രോഗികളെത്തുന്ന ആശുപത്രിയാണിത്. എത്തുന്ന രോഗികളില്‍ ഏറെയും സാമ്പത്തിക പരാധീനതകള്‍ മൂലം ബുദ്ധിമുട്ടുന്നവരും പിന്നോക്ക വിഭാഗത്തില്‍പെട്ടവരുമാണ്. ഇങ്ങനെ സാധാരണ ജനങ്ങളുടെ ആശ്രയമായ താലൂക്ക് ആശുപത്രിക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു വികസനമാണ് അനിവാര്യമായി വേണ്ടത്. അല്ലാതെയുള്ള ഒരു പദ്ധതികളും രോഗികള്‍ക്ക് ഗുണപ്പെടില്ലെന്നും ജനങ്ങള്‍ പറയുന്നു.
Next Story

RELATED STORIES

Share it