Alappuzha local

വൈക്കം- തവണക്കടവ് ജങ്കാര്‍ സര്‍വീസ് തുടങ്ങാന്‍ ധാരണ

ആലപ്പുഴ: വൈക്കം- തവണക്കടവ് ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നതിന് ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിന്റെയും വൈക്കം നഗരസഭയുടെയും ഭരണാധികാരികള്‍ ശ്രമം ആരംഭിച്ചു.
ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി ഭരണമേറ്റ ചേന്നംപള്ളിപ്പുറം പഞ്ചയാത്തിന്റെയും വൈക്കം മുന്‍സിപ്പാലിറ്റിയുടെയും സാരഥികളുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചര്‍ച്ചകള്‍ നടത്തി. എത്രയും വേഗം ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചയാത്ത് പ്രസിഡന്റ് ഷില്‍ജ സലിം അറിയിച്ചു.
2002ല്‍ ആരംഭിച്ച തവണക്കടവ്- വൈക്കം ജങ്കാര്‍ സര്‍വീസ് ലാഭകരമല്ലെന്ന കാരണം പറഞ്ഞ് 2012 ജൂണ്‍ മാസത്തിലാണ് കരാറെടുത്ത വ്യക്തി കാലാവധി തീരുംമുമ്പ് മുന്നറിയിപ്പില്ലാതെ സര്‍വീസ് നിര്‍ത്തിയത്. ഇതേത്തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് കരാറുകാരനെതിരേ കേസ് നല്‍കി. പിന്നീട് ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തും വൈക്കം നഗരസഭയും സംയുക്തമായി ടെന്‍ഡര്‍ നടത്തിയെങ്കിലും ആരും കരാര്‍ ഏറ്റെടുത്തില്ല. റീ ടെന്‍ഡറിലും ഇതേ അവസ്ഥ ആവര്‍ത്തിച്ചു.
തുടര്‍ന്ന് ജങ്കാര്‍ വാടകക്കെടുത്ത് നേരിട്ട് സര്‍വീസ് നടത്തുന്നതിന് ആലോചിച്ചു. ഇതിനായി കൊച്ചി കേന്ദ്രമായുള്ള ജങ്കാര്‍ നടത്തിപ്പുകാരെ സമീപിച്ചു. ജങ്കാര്‍ നല്‍കുതിനുള്ള തുക സംബന്ധിച്ച് ഏകദേശ ധാരണകളുമായി.
ദേശീയപാതയിലൂടെ എത്തുന്ന യാത്രക്കാര്‍ക്ക് ജങ്കാര്‍ സര്‍വീസ് വഴി എളുപ്പത്തില്‍ കോട്ടയം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയും. ചേര്‍ത്തലയിലെ വിവിധ പ്രദേശങ്ങളില്‍ നിര്‍മാണസാമഗ്രികള്‍ എത്തിക്കാനും ജങ്കാര്‍ സര്‍വീസ് ഉപകരിക്കും.
Next Story

RELATED STORIES

Share it