Kottayam Local

വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാംസ്‌കാരിക രംഗത്ത് അനിവാര്യ ഘടകം: പെരുമ്പടവം ശ്രീധരന്‍



വൈക്കം: കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഒരു അനിവാര്യ ഘടകമായിരുന്നു വൈക്കം ചന്ദ്രശേഖരന്‍ നായരെന്ന് കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍. യുവകലാസാഹിതി ഷാര്‍ജ ഘടകം ഏര്‍പ്പെടുത്തിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരം നിരൂപകന്‍ സുനില്‍ പി ഇളയിടത്തിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യഹൃദയത്തിന്റെ മുഴക്കങ്ങള്‍ അദ്ദേഹത്തിന്റെ ഓരോ കൃതിയിലും ഉണ്ടായിരുന്നു. തൊട്ട രംഗങ്ങളെല്ലാം പൊന്നാക്കുന്ന അതുല്യസിദ്ധിയുള്ള ഈ മനുഷ്യന്‍ മലയാളത്തിന്റെ പുണ്യമായിരുന്നുവെന്നും പെരുമ്പടവം പറഞ്ഞു. മാര്‍ക്‌സിസം മുതല്‍ വേദാന്തം വരെ കൈകാര്യം ചെയ്ത മഹാനായിരുന്നു വൈക്കം ചന്ദ്രശേഖരന്‍ നായരെന്ന് അവാര്‍ഡ് ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തിയ സുനില്‍ പി ഇളയിടം പറഞ്ഞു. വരുംതലമുറയുടെ ഓര്‍മകള്‍ക്കായി സൂക്ഷിക്കാന്‍ വൈക്കത്തിന്റെ വൈജ്ഞാനിക ജീവചരിത്രം പകര്‍ത്താന്‍ നാം മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇളയിടത്തിന്റെ 'അനുഭൂതികളുടെ ചരിത്ര ജീവിതം' എന്ന ഗ്രന്ഥമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന ചടങ്ങില്‍ അരവിന്ദന്‍ കെഎസ് മംഗലം അധ്യക്ഷത വഹിച്ചു. ഡോ. വല്‍സലന്‍ വാതുശ്ശേരി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. യുവകലാസാഹിതി ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍, ഡോ. പള്ളിപ്പുറം മുരളി, നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ്, ടി എന്‍ രമേശന്‍, കെ ബിനു, അഡ്വ. സന്തോഷ്, എം ഡി ബാബുരാജ്, സാംജി ടി വി പുരം, കെ സി കുമാരന്‍, സി ടി അപ്പുക്കുട്ടന്‍, കെ ഡി വിശ്വനാഥന്‍, പ്രതീഷ് ചിതറ, കെ വി സുമ സംസാരിച്ചു.
Next Story

RELATED STORIES

Share it