Kottayam Local

വൈക്കം കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു



വൈക്കം: വൈക്കം കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം അപര്യാപ്തതയുടെ നടുവില്‍. ബസ്സുകളുടെ ശോച്യാവസ്ഥയും മെക്കാനിക്കല്‍ വിഭാഗത്തില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇല്ലാത്തതാണ് ഡിപ്പോ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഡിപ്പോയെ നേര്‍വഴിയിലാക്കാന്‍ പലതരത്തിലുള്ള ശ്രമങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉണ്ടാവാറുണ്ടെങ്കിലും ഇതെല്ലാം അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. കെഎസ്ആര്‍ടിസി ഡിപ്പോയുടെ നവീകരണത്തിന് എംഎല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചിട്ടും വിനിയോഗിക്കാന്‍ കഴിയാതെ നിര്‍മാണ പ്രവൃത്തികള്‍ അട്ടിമറിക്കപ്പെട്ടതായും ആരോപണമുണ്ട്. ഇവിടെ നിന്നു ലാഭകരമായി സര്‍വീസ് നടത്തിയിരുന്ന ദീര്‍ഘദൂര ബസ്സുകള്‍ പലതും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. കോഴിക്കോട്, മലമ്പുഴ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ ഇന്നലെ മുടങ്ങി. കോഴിക്കോടിനു പോയ ബസ് കഴിഞ്ഞ ദിവസം തകരാറിലായതിനെ തുടര്‍ന്ന് എറണാകുളം ഡിപ്പോയില്‍ കിടക്കുകയാണ്. ബസ്സുകളുടെ കുറവുമൂലമാണ് ഇന്നലെ മലമ്പുഴ സര്‍വീസ് മുടക്കിയതെന്ന് ഡിപ്പോ അധികാരികള്‍ പറയുന്നു. നൂറുകണക്കിനു ജോലിക്കാരാണ് ഈ ബസ്സില്‍ യാത്ര ചെയ്യുന്നത്. പലരും ഇന്നലെ ബസ് കാത്തുനിന്ന് നിരാശരായി മടങ്ങേണ്ട സാഹചര്യമായിരുന്നു. ദീര്‍ഘദൂര ബസ്സുകളിലെ ഡ്രൈവര്‍മാരാണ് ഈ പ്രശ്‌നത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. കാരണം മിക്കദിവസങ്ങളിലും ലാസ്റ്റ് പോയിന്റില്‍ ബസ്സുകള്‍ക്ക് എത്താന്‍ സാധിക്കുന്നില്ല. പാതിവഴിയില്‍ സര്‍വീസ് മുടങ്ങുമ്പോള്‍ യാത്രക്കാര്‍ തട്ടിക്കയറുന്നതും ഡ്രൈവര്‍മാരോടാണ്. ബസ്സുകളുടെ ശോച്യാവസ്ഥക്ക് ഇനിയും പരിഹാരം വൈകിയാല്‍ ഇവിടെ നിന്നു തിരുനെല്ലി, പൂപ്പാറ, മൂന്നാര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും മുടങ്ങിയേക്കും. ഇപ്പോള്‍ തന്നെ ഡിപ്പോയുടെ വരുമാനത്തില്‍ നിര്‍ണായക സ്വാധീനമുള്ള എറണാകുളം, കോട്ടയം, തൊടുപുഴ, ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വീസുകളും പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. എറണാകുളത്തേക്ക് പോവുന്ന ബസ്സുകള്‍ക്ക് സ്വകാര്യ ബസ്സുകളുടെ പിന്നാലെ പോവേണ്ട അവസ്ഥയാണ്. കാരണം അമിതവേഗത്തില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു സര്‍വീസ് നടത്താന്‍ കഴിയുന്നില്ല. ബസ്സുകളുടെ ശോച്യാവസ്ഥയാണ് ഇവിടെയും വില്ലനാവുന്നത്. മഴക്കാലമായാല്‍ വൈക്കത്തു നിന്ന് പോവുന്ന പല ബസ്സുകളും ചോര്‍ന്നോലിക്കുന്ന അവസ്ഥയാണ്. ബസ്സുകളുടെ തകരാര്‍ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ രേഖാമൂലം മെക്കാനിക്കല്‍ എന്‍ജിനീയര്‍ക്കു പരാതി നല്‍കിയാല്‍ പോലും പരിഹാരം ഉണ്ടാവുന്നില്ല. മെക്കാനിക്കല്‍ വിഭാഗത്തില്‍ ആവശ്യത്തിനു ജീവനക്കാര്‍ ഉണ്ടെങ്കിലും ബസ്സുകളുടെ തകരാര്‍ പരിഹരിക്കേണ്ട സ്‌പെയര്‍പാര്‍ട്‌സുകള്‍ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ കാലപ്പഴക്കം ചെന്ന ബസ്സുകള്‍ മാറ്റാതെയും മെക്കാനിക്കല്‍ വിഭാഗത്തില്‍ ആവശ്യത്തിനു സ്‌പെയര്‍പാര്‍ട്‌സുകള്‍ എത്തിക്കാതെയും ഇവിടെ നടക്കുന്ന ഒരു വികസന പ്രവര്‍ത്തനങ്ങളും ഗുണം ചെയ്യില്ലെന്നാണു ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it