വൈകി ലഭിക്കുന്ന നീതിയെങ്കിലും മഅ്ദനിക്ക് ലഭ്യമാക്കണം: വി എം സുധീരന്‍

കൊച്ചി: വൈകി ലഭിക്കുന്ന നീതി നീതിനിഷേധമാണെങ്കിലും ആ നീതിയെങ്കിലും മഅ്ദനിക്കു ലഭ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കണമെന്നു കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അന്യായമായി നാടുകടത്തിയതിന്റെ 20ാം  വര്‍ഷം പിന്നിടുന്ന ഇന്നലെ മഅ്ദനിയും മനുഷ്യാവകാശവുംഎന്ന തലക്കെട്ടില്‍ പിഡിപി നടത്തിയ മനുഷ്യാവകാശ സമ്മേളനം ഹൈക്കോടതി ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേഗത്തില്‍ കേസ് പൂര്‍ത്തിയാക്കുമെന്നു സുപ്രിംകോടതിക്ക് നല്‍കിയ ഉറപ്പ് പോലും കര്‍ണാടക പ്രോസിക്യൂഷന്‍ ലംഘിക്കുകയാണ്. കേസ് നീട്ടിക്കൊണ്ടുപോവുന്നത് ചിലരുടെ സ്വാര്‍ഥതാല്‍പര്യങ്ങളുടെ ശ്രമമാണെന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. വിചാരണ നീട്ടിക്കൊണ്ടുപോയി നിരപരാധികളെ ജയിലില്‍ തളച്ചിടുന്നതിനെതിരേ ഉചിതമായ നിയമനിര്‍മാണം നടത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അബ്ദുന്നാസിര്‍ മഅ്ദനിക്ക് കോയമ്പത്തൂരില്‍ അനുഭവിക്കേണ്ടി വന്ന അന്യായമായ തടവും കുറ്റവിമുക്തനാക്കിയ നടപടിയും ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ് എന്ന സൂചനയാണു നല്‍കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
പിഡിപി സീനിയര്‍ വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. ജനതാദള്‍ അഖിലേന്ത്യാ സെക്രട്ടറി ഡോ. നീലലോഹിതദാസന്‍ നാടാര്‍, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ശഫീഖ്, എസ്‌വൈഎസ്‌സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, അജ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ അസ്ലമി തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it