kannur local

വേളാപുരം-ചാല ബൈപാസ്: രാപകല്‍ ഉപവാസം ഇന്നുമുതല്‍

കണ്ണൂര്‍: വേളാപുരം മുതല്‍ ചാല വരെയുള്ള ദേശീയപാത 66 ബൈപാസിന്റെ അലൈന്‍മെന്റ് അട്ടിമറിച്ചതിനെതിരേ വേളാപുരം, തുരുത്തി, കോട്ടക്കുന്ന്, കല്ലുകെട്ടുചിറ കുടിയിറക്ക്‌വിരുദ്ധ സംയുക്ത സമരസമിതി പ്രക്ഷോഭത്തില്‍. ഉപവാസ സമരം കലക്്ടറേറ്റ് പടിക്കല്‍ ഇന്നു രാവിലെ 10ന് തുടങ്ങും. പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. 13നു വൈകീട്ട് അഞ്ചിന് അവസാനിക്കുന്ന സമരത്തെ കെ സുധാകരന്‍, കെ എം ഷാജി എംഎല്‍എ, സി സത്യപ്രകാശന്‍, എം ഗീതാനന്ദന്‍, ഡോ. ഡി സുരേന്ദ്രനാഥ്, ജബീനാ ഇര്‍ഷാദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ദേവദാസ് തളാപ്പ്, ശ്രീരാമന്‍ കൊയ്യോന്‍, സി എ അജീര്‍, ബഷീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ക്ക് പുറമെ പാരിസ്ഥിതിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും അഭിസംബോധന ചെയ്യും. സമരഗീതങ്ങളും കലാവിഷ്‌കാരങ്ങളും അരങ്ങേറും. ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണ് വേളാപുരം മുതല്‍ ചാല വരെയുള്ള ദേശീയപാത 66 ബൈപാസിന്റെ അലൈന്‍മെന്റെന്ന് സമരസമിതി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ വളവുകളോടു കൂടിയ ദൈര്‍ഘ്യമേറിയ അലൈന്‍മെന്റില്‍ 108ഓളം വീടുകള്‍, രണ്ട് ആരാധനാലയങ്ങള്‍ എന്നിവ നഷ്ടമാവും. പരിസ്ഥിതിലോല പ്രദേശമായ പാപ്പിനിശ്ശേരി തുരുത്തിയില്‍ ആറു മീറ്ററോളം മണ്ണിട്ട് നികത്തി മതില്‍ കെട്ടുന്നതോടെ നീരൊഴുക്ക് നിലക്കും. കണ്ടല്‍ക്കാടുകളുടെ നശീകരണം തുടങ്ങി പ്രകൃതിയെ പ്രതികൂലമായി ബാധിക്കുന്നതാണ് നിലവിലെ അലൈന്‍മെന്റ്. ദേശീയപാത അതോറിറ്റിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ബദല്‍ അലൈന്‍മെന്റ്് സംയുക്ത സമരസമിതി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഈ നിര്‍ദേശത്തില്‍ തുരുത്തിയിലും കല്ലുകെട്ടിച്ചിറയിലും ഒരു വീടുപോലും നഷ്ടപ്പെടില്ല. നിലവിലെ അലൈന്‍മെന്റിനേക്കാള്‍ ഒരുകിലോമീറ്റര്‍ നീളം കുറവുള്ളതും വളവുകള്‍ കുറഞ്ഞതുമായ ബദല്‍ അലൈന്‍മെന്റില്‍ 52 വീടുകള്‍ക്ക് മാത്രമാണ് നഷ്ടമുണ്ടാവുക. എന്നാല്‍ ഈ നിര്‍ദേശം ഇതുവരെ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് സമരസമിതി നേതാക്കളായ കെ കെ സുഹൈല്‍, നിഷില്‍ കുമാര്‍, എന്‍ എം കോയ, രാജന്‍, നജീബ് എന്നിവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it