kozhikode local

വേളം സംഭവം : അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി എസ് ഡിപിഐ

വേളം സംഭവം : അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി എസ് ഡിപിഐ
X


കുറ്റിയാടി: വേളത്ത് എസ്ഡിപിഐ വാഹനപ്രചരണജാഥ തടയാന്‍ ഒരുമിച്ചുകൂടിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പോലിസിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി എസ്ഡിപിഐ കുറ്റിയാടി മണ്ഡലം കമ്മിറ്റി. വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് ബോംബ്, വടിവാള്‍ പോലുള്ള മാരകായുങ്ങള്‍ പോലും കണ്ടെടുത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ രാഷ്ട്രീയ ഇടപെടലുണ്ടാവുന്ന ഭീതിജനകമാണ്. നാടിന്റെ സൈ്വര്യജീവിതത്തിനു ഭംഗം വരുത്തുന്ന തരത്തില്‍ ഒരുകൂട്ടം ലീഗ് പ്രവര്‍ത്തകര്‍ ആക്രമത്തിനു കോപ്പുകൂട്ടുന്നുവെന്നാണ് അന്വേഷണം തെളിയിക്കുന്നത്. ആയുധവേട്ട അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിച്ചു പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പകരം ആരെയെങ്കിലും ഹാജരാക്കി കേസ് അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം പോലും അതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് മനസ്സിലാവുന്നത്. പരസ്യമായി ആക്രമണത്തെ അപലപിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിക്കുന്നതെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ എസ്ഡിപിഐ പ്രതിനിധികളടക്കം വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിക്കാതെ തങ്ങളുടെ അജണ്ഡ നടപ്പിലാക്കാനുള്ള ശ്രമമായിരുന്നു സ്ഥലം എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ നടന്നത്. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയ എസ്ഡിപിഐ നേതൃത്വം ജില്ലാ കലക്ടറുമായി ബന്ധപ്പെടുകയായിരുന്നു. യോഗത്തിനെത്തിയ എസ്ഡിപിഐ പ്രതിനിധികളെ സംസാരിക്കാന്‍ അനുവദിക്കാത്തത് ബഹളത്തിനിടയാക്കുകയും ചെയ്തിരുന്നു. സംഭവങ്ങളുടെ യഥാര്‍ത്ഥ ചിത്രം ജനങ്ങള്‍ മനസ്സിലാക്കുന്നത് ഭയപ്പെടുന്നത് കൊണ്ടാണ് ലീഗ് നേതൃത്വം എസ്ഡിപിഐ സംഘടിപ്പിക്കുന്ന പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു ഏപ്രില്‍ 29ന് വേളം കേളോത്തുമുക്കില്‍ നിന്നാരംഭിച്ച വാഹനപ്രചരണ ജാഥ പൂമുഖത്തു വെച്ച് തടയാന്‍ ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചതും പോലിസിനെ അതിക്രൂരമായി ആക്രമിക്കുന്നതിലേക്ക് നയിച്ചതും. വേളം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ലീഗിന്റെ രാഷ്ട്രീയ ഫാഷിസത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരേണ്ടിയിരിക്കുന്നു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ആര്‍ എം റഹീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി ടി കുട്ട്യാലി, റഷീദ് ഉമരി, അബുലൈസ് മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍ കടമേരി സംസാരിച്ചു.
Next Story

RELATED STORIES

Share it