Editorial

വേലി തന്നെ വിളവു തിന്നുമ്പോള്‍

കേരളത്തിലെ ഭരണമുന്നണിയിലെ പല എംഎല്‍എമാരുടെയും സാമ്പത്തിക ഇടപാടുകള്‍ സമീപകാലത്ത് വലിയ ചര്‍ച്ചയാവുകയുണ്ടായി. പി വി അന്‍വര്‍, തോമസ് ചാണ്ടി തുടങ്ങിയ എംഎല്‍എമാരുടെ സാമ്പത്തിക ഇടപാടുകളും ബിസിനസുകളും വിവാദമായതിനു കാരണം തങ്ങളുടെ പദവിയും സ്വാധീനവും ഉപയോഗിച്ച് അവര്‍ നിയമങ്ങള്‍ പലതും അട്ടിമറിച്ചതായുള്ള ആരോപണങ്ങളാണ്. ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഇടതുമുന്നണിയിലെ എംഎല്‍എ എന്‍ വിജയന്‍ പിള്ളയുടെയും മക്കളുടെ ബിസിനസ് ഇടപാടുകളും വിവാദമായി മാറിയിരിക്കുകയാണ്. ഇതുസംബന്ധിച്ച കേസുകള്‍  കോടതികളില്‍ നടക്കുന്ന സാഹചര്യത്തില്‍ ആരുടെ ഭാഗത്താണു ശരി, എവിടെയാണു പാളിച്ചകള്‍ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുന്നതില്‍ അര്‍ഥമില്ല. പക്ഷേ, നേതാക്കളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും തങ്ങളുടെ ബന്ധങ്ങളും സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ട് അനധികൃതമായ നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട് എന്ന പൊതുസമൂഹത്തിന്റെ ആശങ്കകളെ ശക്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോടതികളുടെ വാര്‍ത്താവിലക്കുകള്‍കൊണ്ട് മറയിടാവുന്നതല്ല പൊതുസമൂഹത്തിന്റെ ആശങ്കകള്‍ എന്നു മാത്രമേ ഇത്തരുണത്തില്‍ അതേക്കുറിച്ചു പറയാന്‍ സാധിക്കുകയുള്ളൂ. പൊതുപ്രാധാന്യമുള്ള വിഷയങ്ങള്‍ മാധ്യമങ്ങളും പൊതുസമൂഹവും ചര്‍ച്ചചെയ്യുന്നത് തടയാനുള്ള നീക്കങ്ങള്‍ ജനാധിപത്യസമൂഹത്തിനു ചേര്‍ന്നതല്ല. അത്തരം നീക്കങ്ങള്‍ അന്തിമ വിശകലനത്തില്‍ ജനാധിപത്യത്തിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസത്തിന് കോട്ടംതട്ടിക്കാന്‍ മാത്രമേ സഹായകമാവുകയുള്ളൂ. അതിനാല്‍ വാര്‍ത്താവിലക്കു പോലെയുള്ള നീക്കങ്ങള്‍ ആത്മഹത്യാപരമാണ്.സിപിഎം അടക്കമുള്ള കക്ഷികളുടെ നേതൃനിരയില്‍ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന പ്രശ്‌നവും ഇതോടൊപ്പം ഉയര്‍ന്നുവരുന്നുണ്ട്. നേതാവിന്റെ മകന്റെ ഇടപാടുകള്‍ സംബന്ധിച്ച് പാര്‍ട്ടിക്ക് ലഭിച്ച പരാതികള്‍ മറച്ചുവയ്ക്കാനാണു പല നേതാക്കളും ശ്രമിച്ചുകണ്ടത്. എന്നാല്‍, അത്തരമൊരു പരാതി കേന്ദ്രനേതൃത്വത്തിനു ലഭിക്കുകയുണ്ടായി എന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ വെളിപ്പെടുത്തിയതോടെ വസ്തുതകള്‍ മറച്ചുവയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമം ചിലരെങ്കിലും നടത്തുകയുണ്ടായി എന്നു വ്യക്തമായിരിക്കുന്നു. കാര്യങ്ങള്‍ എല്ലാം ഭദ്രവും നേരെചൊവ്വേയുള്ളതുമാണെങ്കില്‍ എന്തിനാണ് നേതാക്കള്‍ ഇങ്ങനെ പരിഭ്രാന്തി കാണിക്കുന്നത്? എന്താണ് അവര്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്?പൊതുജീവിതത്തില്‍ ഉയര്‍ന്ന പദവികള്‍ വഹിക്കുന്നവര്‍ സ്വകാര്യ ജീവിതത്തിലും മാന്യതയും സത്യസന്ധതയും പുലര്‍ത്തണമെന്നത് സമൂഹത്തിന്റെ മിതമായ ആവശ്യമാണ്. അതേപോലെ പ്രധാനമാണ് ഇത്തരക്കാരുടെ ബന്ധുക്കളും കുടുംബങ്ങളും പദവികള്‍ ദുരുപയോഗം ചെയ്ത് നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നതു തടയാന്‍ ജാഗ്രത കാണിക്കണമെന്നതും. പക്ഷേ, കേരളത്തിലെ ഭരണമുന്നണിയുടെ നേതാക്കള്‍ തങ്ങള്‍ക്ക് അത്തരം മര്യാദകളൊന്നും ബാധകമല്ല എന്ന മട്ടിലാണു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളോടല്ല തങ്ങള്‍ക്ക് ഉത്തരവാദിത്തം എന്ന സമീപനമാണ് അവര്‍ പുലര്‍ത്തുന്നത്.
Next Story

RELATED STORIES

Share it