Alappuzha local

വേലിയേറ്റം: കൈയത്തറയിലെ 40 വീടുകള്‍ ഒറ്റപ്പെട്ടു

അരൂര്‍: അരൂര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ അടിക്കടിയയുണ്ടാകുന്ന വേലിയേറ്റത്തെ തുടര്‍ന്ന് നാല്‍പ്പതോളം വീടുകള്‍ ഒറ്റപ്പെട്ടു. കൈയത്തറ പ്രദേശത്തെ ദലിത് സമുദായക്കാരുടെ വീടുകളാണ് ഒറ്റപ്പെട്ട അവസ്ഥയിലായത്.
പ്രദേശത്തേക്കുള്ള വഴി ഒലിച്ചു പോയനിലയിലാണ്. വഴിയുടെ ഇരുവശങ്ങളിലും ശക്തമായ വെള്ളക്കെട്ടും അനുഭവപ്പെടുന്നു. വേലിയേറ്റം രൂക്ഷമാവുമ്പോള്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാവുകയും തുടര്‍ന്ന് വഴിയിലേക്ക് വെള്ളം കയറുകയും ചെയ്യുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാരണത്താല്‍ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. തുടരുന്ന ദുരിതത്തിന് ശാശ്വത പരിഹാരമായി പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല.
ഇതിനു പുറമെ പ്രദേശത്ത് വെള്ളവും വെളിച്ചവും ഇല്ലാതായതോടെ ഏറെ ദുരിതമാണ് ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. എന്നാല്‍ പട്ടിക ജാതി വികസനത്തിനായി അനുവദിക്കപ്പെടുന്ന തുകകള്‍ യഥാ സമയം ചെലവഴിക്കാതെ ഇപ്പോഴും ലക്ഷങ്ങള്‍ ബാക്കി കിടക്കുകയാണ്. എന്നിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അധികൃതര്‍ തയ്യാറാവാത്തതില്‍ ഏറെ പ്രതിഷേധമാണുള്ളത്.
പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാതിരുന്നാല്‍ ശക്തമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് കൈയത്തറ പ്രദേശവാസികള്‍ മുന്നറിയിപ്പു നല്‍കി. ഒരു തരത്തിലും നിലവിലുള്ള വഴിയിലൂടെ സഞ്ചരിക്കുാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒരു പാലം യാദാര്‍ഥ്യമാക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി കേന്ദ്രങ്ങളില്‍ നിവേദനം സമര്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it