wayanad local

വേലിയമ്പം കണ്ടാമല വനാതിര്‍ത്തിയില്‍ കല്‍മതില്‍ നിര്‍മിക്കാന്‍ നടപടി വേണമെന്ന്

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാന്‍ നെയ്ക്കുപ്പ വനമേഖലയിലെ കണ്ടാമല മുതല്‍ പാതിരി വരെയുള്ള വനമേഖലകളില്‍ കല്‍മതില്‍ നിര്‍മിക്കണമെന്നാവശ്യം ശക്തമാകുന്നു. കേരള കര്‍ണാടക വനാതിര്‍ത്തിയായ ചേകാടിയില്‍ കബനിപുഴ കടന്നെത്തുന്ന ആനകള്‍ കൃഷിയിടങ്ങളിലിറങ്ങുന്നത് വര്‍ധിച്ച് വരുന്നത് മൂലം കര്‍ഷകരുടെ ജീവനും കൃഷിയ്ക്കും ഭീഷണിയായിരിക്കുകയാണ്. കബനി തീരത്ത് എത്തുന്ന കാട്ടാനകള്‍ കൂട്ടത്തോടെ തീറ്റയും വെള്ളവും തേടിയെത്തുന്നത് പതിവായി മാറിയിരിക്കുകയാണെന്നും കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനകള്‍ പ്രദേശത്തെ നിരവധി കര്‍ഷകരുടെ കൃഷികളാണ് നശിപ്പിച്ചത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന കണ്ടാമല, പാളക്കൊല്ലി, ഉദയക്കര, കുരിച്ചിപ്പറ്റ, വെളുകൊല്ലി ഭാഗങ്ങളിലാണ് കാട്ടാനശല്യം ഏറയും. കഴിഞ്ഞ വര്‍ഷം വന്യമൃഗശല്യമുണ്ടായപ്പോള്‍ നബാര്‍ഡിന്റെ സഹായത്തോടെ മതില്‍ നിര്‍മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യാതൊരു തുടര്‍നടപടിയുമുണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രദേശങ്ങളില്‍ നാശം വിതയ്ക്കുന്ന ആനകളെ ഉള്‍വനത്തിലേക്ക് തുരത്തുന്നതിന് വനപാലകര്‍ തയ്യാറാകുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. വര്‍ഷാവര്‍ഷം വന്യമൃഗശല്യം പരിഹരിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും ശാശ്വതപരിഹാരം കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് കര്‍ഷകരുടെ പരാതി.
Next Story

RELATED STORIES

Share it